KeralaTop News

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഹാജരാക്കണം; സർക്കാർ നിലപാട് തേടി ഹൈക്കോടതി

Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​ഗുരുതര വെളിപ്പെടുത്തലിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പേർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകി. മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്ന് നിർദേശം. സർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ കോടതിയ്ക്ക് അറിയേണ്ടതുണ്ടെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

ഇത്തരത്തിൽ ഒരു പഠന റിപ്പോ‍ർട്ട് കിട്ടിയിട്ട് അതിൽ ഏത് വിധത്തിൽ തുടർ നടപടി എടുക്കാൻ കഴിയുമെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഒരു കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാൽ സർക്കാരിന് നേരിട്ട് കേസ് എടുക്കാൻ വകുപ്പുണ്ടോയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. പോക്സോ വകുപ്പുകളിലാണുളളതെന്ന് സർക്കാർ മറുപടി നൽകി. കമ്മിറ്റി റിപ്പോർ‍ട്ട് വെച്ച് സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കോടതി ചോദിച്ചു. സിനിമയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോ‍ർട്ട് നൽകാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കമ്മറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങളെന്ന് കോടതി നിരീക്ഷിച്ചു. മൊഴി നൽകിയവരുടെ പേര് വിവരങ്ങൾ സർക്കാരിൻറെ പക്കലുണ്ടോയെന്ന് കോടതി ചോദിച്ചു. റിപ്പോർട്ടിന് രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പക്ഷേ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഒഴിവാക്കുകയാണോയെന്നതാണ് എല്ലാവരുടെയും പ്രശ്നമെന്ന് കോടതി. മൊഴി നൽകിയവർക്ക് നേരിട്ട് മുൻപിൻ വരാൻ താൽപര്യം ഉണ്ടോയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.

പുറത്തുവിട്ട റിപ്പോർട്ടിൽ രഹസ്യാത്മകതയില്ലെന്ന് സർക്കാർ പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയോയെന്ന് കോടതി ചോദിച്ചു. പരാതിയുളളവർക്ക് പൊലീസിനയോ മജിസ്ട്രേറ്റ് കോടതിയേയോ സമീപിക്കാമല്ലോ എന്ന് ഹൈക്കോടതി. ജുഡീഷ്യൽ കമ്മിറ്റിയല്ലാ സർക്കാർ നിയമിച്ച കമ്മിറ്റിയാണ് ഹേമ കമ്മീഷനെന്ന് സർക്കാർ. റിപ്പോർട്ട് പൊതു ജനമധ്യത്തിലുണ്ടന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചത്.