KeralaTop News

13കാരിക്കായി വ്യാപക തിരച്ചിൽ; കേരള പൊലീസ് ചെന്നൈയിലേക്ക്; അന്വേഷണം വ്യാപിപ്പിച്ചു

Spread the love

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ചെന്നൈയിലേക്കാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇതിനായി കേരള പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അഞ്ചു പേരടങ്ങുന്ന സംഘമാണ് തിരിച്ചത്. നാഗർകോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്. പെൺകുട്ടി ചെന്നൈയിൽ എത്തിയെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു.

കന്യാകുമാരിയിലെ സിസിടിവി പരിശോധനയിൽ‌ കുട്ടി പ്ലാറ്റ്ഫോമിൽ നിന്നും തിരികെ ട്രെയിനിൽ കയറുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇതോടെയാണ് അന്വേഷണം ചെന്നൈയിലേക്ക് നീളുന്നത്. പെൺകുട്ടിയെ ശുചിമുറിയിൽ കണ്ടിരുന്നെന്ന് ഒരു യുവതി മൊഴി നൽകിയിരുന്നു. നാഗർകോവിലിൽ ട്രെയിൻ നിർത്തിയപ്പോൾ രണ്ടാമത്തെ പ്ലാറ്റഫോമിൽ പെൺകുട്ടിയിറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്ഫോമിലിറങ്ങിയ പെൺകുട്ടി കുപ്പിയിൽ വെള്ളമെടുത്ത് തിരികെ കയറി. നാഗർകോവിൽ സ്റ്റേഷനിൽ 3.53 നാണ് ഇറങ്ങിയത്. ആർപിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നിർണ്ണായക വിവരം ലഭിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് നിർണായകമായിരുന്നു. ഇതാണ് തിരച്ചിൽ തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാൻ കാരണമായത്. എന്നാൽ കന്യാകുമാരിയിൽ ഇറങ്ങിയ പെൺകുട്ടി ചെന്നൈ-എ​ഗ്മോർ എക്സ്പ്രസിൽ കയറിയെന്നാണ് ഒടുവിലായി പൊലീസ് സ്ഥിരീകരിക്കുന്നത്.