സിനിമയിലെ നടന്മാർ ജീവിതത്തിലും ഹീറോ ആകാൻ ശ്രമിക്കണം’: മേതിൽ ദേവിക
ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചില്ലെന്ന് നർത്തകി മേതിൽ ദേവിക . ആർക്കാണ് ഇത്ര ഞെട്ടൽ. എല്ലാവർക്കും അറിയുന്ന കാര്യമല്ലേ. റിപ്പോർട്ട് പുറത്തുവന്നത് കൊണ്ട് പ്രശ്‌നങ്ങളുടെ തീവ്രത ആളുകൾക്ക് മനസിലാക്കാനായി. സിനിമയിലെ നടൻമാർ ജീവിതത്തിലും ഹീറോ ആകാൻ ശ്രമിക്കണം.
അംഗമല്ലെങ്കിലും WCCയെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മേതിൽ ദേവിക പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണം. പുറത്ത് നിന്നുള്ളവർ ഇടപെട്ടാൽ വിഷയം കൂടുതൽ സങ്കീർണമാകുമെന്നും മേതിൽ ദേവിക പറഞ്ഞു.
മലയാള സിനിമയിൽ സ്ത്രീകൾ അതിക്രൂരമായി ലൈംഗിക ചൂഷണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ നടുക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വൻകിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയിൽ നില നിന്നു പോകാനും ലൈംഗിക താത്പര്യങ്ങൾക്ക് സ്ത്രീകൾ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാൻ മലയാള സിനിമയിൽ പവർ ടീം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സഹകരിക്കുന്നവരെ തൽപരകക്ഷികളിലേക്ക് എത്തിക്കാൻ പ്രൊഡക്ഷൻ കൺട്രോൾമാർ വഴി വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ആര് അഭിനയിക്കണം, ആര് നിലനിൽക്കണമെന്ന് ഈ ഇടനിലക്കാർ തീരുമാനിക്കണം. അവസരം കിട്ടാൻ ഒന്നോ ഒന്നിലധികം പേരുമാരുമായോ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. സഹകരിക്കുന്നവർ ഗുഡ് വുമൺ, എതിർത്താൽ ബാഡ് വുമൺ എന്ന ലേബലിടും.
അഡ്ജസ്മെന്റും കോംപ്രമൈസും സിനിമാ ഫീൽഡിൽ പതിവ് വാക്കുകളാണ്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ പോലും ഭയമാണെന്ന് സ്ത്രീകൾ ഹേമ കമ്മറ്റിക്ക് മുന്നാകെ പറഞ്ഞു. രാത്രിയായാൽ വാതിലിൽ മുട്ടുന്നത് പതിവാണ്. തുറന്നില്ലെങ്കിൽ ഇടി വാതിൽ തകർത്ത് അകത്തേക്ക് കയറും.
ലൊക്കേഷനിൽ മാത്രമല്ല സിനിമാരംഗങ്ങളിലും ലൈംഗിക ചുഷണമുണ്ടാകുന്നു. നഗ്ന ദൃശ്യങ്ങൾ നിർബന്ധിപ്പിച്ച് പകർത്തും. ഒഴിവാക്കാൻ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ പറയും. മോശമായി പെരുമാറിയ നടന്റെ ഭാര്യയായി അയാളെ ആലംഗിനം ചെയ്യുന്ന ഷോട്ട് 17 റീ ടേക്ക് വരെ എടുക്കേണ്ടി വന്ന ദുരനുഭവം വരെ മൊഴി നൽകിയവരുണ്ട്. ആരോട് പരാതിപ്പെട്ടിട്ടും കാര്യമില്ല.ഐസിസി കമ്മറ്റികൾ നോക്കുകുത്തികളാണ്. ജീവഭയം കൊണ്ട് പൊലീസിനെ സമീപിക്കില്ല.സമീപിച്ചാൽ വിലക്കേർപ്പെടുത്തുമെന്നും മൊഴിയിലുണ്ട്.