Tuesday, January 21, 2025
Latest:
KeralaTop News

പുരുഷ കേന്ദ്രീകൃത സമൂഹത്തിൻറെ പരിച്ഛേദമാണ് സിനിമ മേഖല, അതിൻ്റെ ജീർണത മുഴുവൻ പ്രതിഫലിക്കുന്നതാണ് റിപ്പോർട്ട്’; എം.വി ഗോവിന്ദൻ

Spread the love

സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ തെളിയുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതിയിലെ സാങ്കേതികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെ റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിൻറെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയും. അതിൻ്റെ ജീർണത മുഴുവൻ പ്രതിഫലിക്കുന്നതാണ് റിപ്പോർട്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയിൽ ഇക്കാര്യം കൈകാര്യം ചെയ്തു. സർക്കാരിന് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയിൽ എത്തിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും സ്ത്രീ സമൂഹത്തിൻറെ ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വരുന്നവരുടെ പരാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയിൽ എന്ത് ചെയ്യണമെന്ന് ധാരണ ഉണ്ടാക്കും. പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വന്ന റിപ്പോർട്ടിൽ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല. ഇരയാക്കപ്പെട്ടവരെ കുറിച്ച് ഞങ്ങൾക്ക് മുന്നിൽ പരാതി വന്നിട്ടില്ല. തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്നും ഇപ്പോൾ പറഞ്ഞ ഭാഗം ചർച്ച ചെയ്ത ശേഷം തുടർ നടപടികളിലേക്ക് പോകേണ്ടതാണെങ്കിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർ നടപടികളിലേക്ക് പോകും. റിപ്പോർട്ടിൽ നടപടി വേണമെങ്കിൽ കോടതി പറയട്ടെ. കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണ്. പുറത്ത് വിടാത്ത ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ. സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകുമെന്നും ഒരു വിട്ടു വീഴ്ചയും സർക്കാർ ചെയ്യില്ലെന്നും മന്ത്രി പ്രതികരിച്ചു.