GulfTop News

ഖത്തറിൽ ‘ഹോം ബിസിനസ്’ ലൈസൻസ് ഫീ കുറച്ചു; വെറും 300 റിയാലിന് ഇനി ലൈസൻസ് സ്വന്തമാക്കാം

Spread the love

വീടുകളിലിരുന്ന് ചെയ്യാവുന്ന സംരംഭങ്ങളുടെ ഗണത്തിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട വ്യവസായ സംരംഭക പട്ടികയാണ് വിപുലീകരിച്ചത്. ഹോം പ്രോജക്‌ട് ലൈസൻസിന് (വീട്ടു സംരംഭം) കീഴിലാണ് പുതുതായി 48 ചെറുകിട വ്യാപാരങ്ങൾകൂടി വാണിജ്യ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതോടെ ഈ ലൈസൻസിന് കീഴിൽ തെരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി. നേരത്തേ 15 വ്യാപാര, ചെറുകിട പ്രവർത്തനങ്ങൾക്കാണ് അധികൃതർ ലൈസൻസ് നൽകിയിരുന്നത്.

ഖത്തറിൽ ഹോം ബിസിനസുകൾക്കുള്ള ലൈസൻസിംഗ് ഫീസ് 1500 ഖത്തർ റിയാലിൽ നിന്ന് 300 ഖത്തർ റിയാലായി കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. കൂടാതെ, ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കിയതായും അധികൃതർ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ റെക്കോർഡ്സ് ആൻഡ് ലൈസൻസിംഗ് വിഭാഗം മേധാവി ലത്തീഫ അൽ അലിയാണ് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു സ്വദേശികൾക്ക് വീടുകളിലിരുന്നും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സൗകര്യമൊരുക്കുന്ന ഹോം ബിസിനസ് ലൈസൻസിന് വാണിജ്യ മന്ത്രാലയം തുടക്കം കുറിച്ചത്. വിവിധയിനം നട്സുകൾ, തയ്യൽ, ബാഗുകൾ ഉൾപ്പെടെ തുകൽ ഉൽപന്നങ്ങളുടെ നിർമാണവും റിപ്പയറും, കോപ്പി മെഷിനുകളുടെ അകറ്റുപ്പണി, കംപ്യുട്ടർ റിപ്പയറിങ്, സോഫ്റ്റ് വെയർ ഡിസൈനിങ്-പ്രോഗ്രാമിങ്, വസ്ത്ര വ്യാപാരം, പാദരക്ഷ വിൽപന, യാത്രാ സാധനസാമഗ്രികൾ വാടകക്ക് നൽകൽ, വിവർത്തനം സേവനങ്ങൾ, സുഗന്ധദ്രവ്യ വിൽപന, ആഭരണ ഡിസൈനിങ്, സൗന്ദര്യ വർധക വസ്തുക്കളുടെ വ്യാപാരം, ഇന്റീരിയർ ഡെക്കറേഷൻ ഡിസൈനിങ് തുടങ്ങിയവയാണ് പുതിയ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.

ഓരോ ബിസിനസ് പ്രവർത്തനങ്ങൾക്കും പ്രത്യേകം ലൈസൻസ് ആവശ്യമാണെന്ന് ലത്തീഫ അൽ അലി കൂട്ടിച്ചേർത്തു. പ്രാദേശിക ഗതാഗതത്തെ ബാധിക്കാത്തതോ അയൽവാസികൾക്ക് ശല്യം വരാത്തതോ ആയ വിധത്തിലാണ് വീട്ടിലിരുന്ന് വ്യാപാര പ്രവർത്തനങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതെന്നും അവർ വ്യക്തമാക്കി. നടപടിക്രമങ്ങൾ ലഘൂകരിച്ചതിന് ശേഷം ലൈസൻസ് തേടുന്ന അപേക്ഷകളുടെ എണ്ണത്തിൽ വർധനവുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഏകജാലക പോർട്ടൽ വഴി ഓൺലൈനായി ലൈസൻസ് അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഇലക്ട്രോണിക് ആയി സമർപ്പിച്ചാൽ, ലൈസൻസ് സേവന അപേക്ഷാ ഫോം പൂരിപ്പിക്കേണ്ട ആവശ്യമില്ല.