Wednesday, January 1, 2025
Latest:
KeralaTop News

വിട്ടുവീഴ്ച’; സിനിമയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വരുന്ന വാക്ക്| ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

Spread the love

മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വരുന്ന വാക്ക് വിട്ടുവീഴ്ചയെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിമര്‍ശനം. ഭീഷണിക്ക് വഴങ്ങി കിടക്ക പങ്കിടേണ്ടി വരുന്നവരില്‍ നടിമാര്‍ മുതല്‍ വനിത ടെക്‌നീഷ്യന്മാര്‍ വരെ ഉണ്ട്. ചില പെണ്‍കുട്ടികളുടെ അമ്മമാര്‍ വരെ ഇതിന് കൂട്ടു നില്‍ക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്.

സംവിധായകരും, പ്രൊഡ്യൂസറും, നടന്മാരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തുടങ്ങി ആരും സമീപിച്ചാലും വഴങ്ങി കൊടുക്കണം. ഓഡിഷന്‍ പരസ്യം കണ്ട് വിളിക്കുന്ന യുവതികള്‍ക്ക് ക്ഷണം കിട്ടിയാല്‍ ആദ്യം ചോദിക്കുന്നത് വിട്ടുവീഴ്ചക്ക് തയ്യാറാണോ എന്ന്. പല നടിമാരും അവസരങ്ങള്‍ നേടിയത് ഇങ്ങനെ വിട്ടുവീഴ്ച ചെയ്തുകൊണ്ടെന്നാണ് ഒരു വെളിപ്പെടുത്തല്‍. ചില പുതുമുഖ നടിമാരുടെ അമ്മമാര്‍ തന്നെ വിട്ടുവീഴ്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നവരാണ്. ലഹരിയുടെ ഉന്മാദിയില്‍ കതകില്‍ മുട്ടുന്ന ആണുങ്ങളെ പേടിച്ച് മാതാപിതാക്കളുമായി സിനിമ സെറ്റിലേക്ക് വരുന്നവരും കുറവല്ല. സിനിമ ചിത്രീകരണത്തിന് മുമ്പ് പറഞ്ഞതിനേക്കാള്‍ മോശമായ രീതിയില്‍ ശരീര ഭാഗങ്ങള്‍ കാണിച്ച് ചില നടിമാര്‍ക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

സഹിക്കാന്‍ വയ്യാതെ സെറ്റ് വിട്ടപ്പോള്‍ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് സംവിധായകന്‍ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും ഉണ്ട്. നടിമാര്‍ക്ക് മാത്രമല്ല, വനിത ടെക്‌നീഷ്യന്മാര്‍ക്കും ദുരനുഭവങ്ങള്‍ ഏറെ. സീനിയര്‍ മേക്കപ്പ് മാന്റെ കിടക്കപങ്കിടല്‍ ആവശ്യം നിരസിച്ചതിന് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും, ഡയറക്ടറോടും പ്രൊഡ്യൂസറോടും പ്രത്യേക റൂം ആവശ്യപ്പെട്ടപ്പോള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചതായും വെളിപ്പെടുത്തലുണ്ട്. ജോലിയും, ജീവനും ഭയന്നും പല സ്ത്രീകളും സിനിമ മേഖലയിലെ അതിക്രമങ്ങള്‍ സഹിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു