ദുരന്തബാധിതർക്കുള്ള ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചു; കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായമായി ലഭിച്ച തുകയിൽ നിന്ന്
ഇഎംഐ പിടിച്ച സംഭവത്തിൽ കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ ഗ്രാമീണ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറിയതോടെ സ്ഥലത്ത് വൻ തോതിൽ പൊലീസ് സംഘത്തെ വിന്യസിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ,യൂത്ത് ലീഗ്, യുവമോർച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്.
പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. രാവിലെ ഏഴരയോടെ ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്- യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സര്‍ക്കാര്‍ സഹായമായ 10,000 രൂപ അക്കൗണ്ടിലെത്തിയ ഉടനെയാണ് തുകപിടിച്ചത്. ബാങ്ക് വായ്പകള്‍ ഉടനെ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും സര്‍ക്കാരിന്റെയും ഉറപ്പ് നിലനില്‍ക്കെയാണ് തുക തിരിച്ചുപിടിച്ചത്.
സംഭവം വിവാദമായതോടെ ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍നിന്ന് സഹായധനമായി നല്‍കിയ 10,000 രൂപയില്‍നിന്ന് പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കി.