KeralaTop News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ച് ഒരാഴ്ചയ്ക്ക് ശേഷം പ്രതികരിക്കും, ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് അമ്മയുടെ ഷോയ്ക്ക്: സിദ്ധിഖ്

Spread the love

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ വിശദമായ പ്രതികരണത്തിനില്ലെന്നും റിപ്പോര്‍ട്ട് പഠിച്ച് ഒരാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖ്. റിപ്പോര്‍ട്ടില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതാണെന്ന് സിദ്ധിഖ് പറഞ്ഞു. എന്നിരിക്കിലും ആര്‍ക്കെതിരെയാണ് ആരോപണം, എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ അറിഞ്ഞശേഷമേ പ്രതികരിക്കാനും നടപടിയെടുക്കാനും കഴിയൂ. നിയമ നടപടികള്‍ക്കായി സര്‍ക്കാരുമായി സഹകരിക്കുമെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നടക്കുന്ന അമ്മയുടെ ഒരു ഷോയ്ക്കാണ് തങ്ങള്‍ പ്രാധാന്യം കൊടുത്ത് മുന്നോട്ടുപോകുന്നതെന്ന് സിദ്ധിഖ് പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിക്കാതെ തെറ്റായി എന്തെങ്കിലും പറയാന്‍ താത്പര്യപ്പെടുന്നില്ല. കാര്യങ്ങള്‍ പൂര്‍ണമായി അറിഞ്ഞ ശേഷം വേണ്ട ഇടപെടലുകള്‍ അമ്മ നടത്തുമെന്നും സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാമേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി വിളിക്കുന്ന പെണ്‍കുട്ടികള്‍ക്കായി വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഇരയാക്കപ്പെട്ടവരുടെ മൊഴികളില്‍ പലതും ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാതാരങ്ങളില്‍ പലര്‍ക്കും ഇരട്ടമുഖമാണെന്നും അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി എന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.