KeralaTop News

ഉരുൾപൊട്ടലിൽ കാണാതായവരുടെ എണ്ണം ഇപ്പോൾ കൃത്യമായി പറയാനാവില്ലെന്ന് മന്ത്രി കെ രാജൻ

Spread the love

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവരുടെ എണ്ണം ഇപ്പോൾ കൃത്യമായി പറയാനാവില്ലെന്ന് റ​വ​ന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പൂർണമായ കണക്കുകൾ ഡിഎൻഎ പരിശോധനാഫലങ്ങൾ എത്തിയ ശേഷമാകും പ്രഖ്യാപിക്കാനാവുക. 211 മൃതശരീര ഭാഗങ്ങളും 231 മൃതശരീരങ്ങളും ഉൾപ്പെടെ 442 മൃതദേഹങ്ങളാണ് ഉരുൾപൊട്ടലിന് പിന്നാലെ കണ്ടെത്താനായത്. ഇതിൽ 20 മൃതദേഹങ്ങളും 2 മൃതദേഹഭാഗങ്ങളും ഉൾപ്പെടെ 22 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് പിന്നാലെ വിട്ടുനൽകിയിരുന്നു.

220 മൃതദേഹങ്ങളാണ് ഡിഎൻഎ ടെസ്റ്റിന് വേണ്ടി നൽകിയത്. ഇതിൽ 52 മൃതദേഹഭാഗങ്ങളിൽ അസ്ഥിയിലടക്കം ഡിഎൻഎ പരിശോധന നടത്താനാവാത്ത സ്ഥിതിയാണുള്ളത്. ഇവ തിരിച്ചറിയണമെങ്കിൽ ഏതെങ്കിലും ഉന്നത സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമോയെന്ന് നോക്കേണ്ടി വരും. ശേഷിച്ച 194 മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷിച്ച 155 സാംപിളിൽ നിന്നായി 54 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെല്ലാം ചേർത്താൽ 270 പേരാണ് ദുരന്തത്തിൽ മരിച്ചതായി കണക്കുകളുള്ളതെന്നും മന്ത്രി വിശദമാക്കുന്നു.

പൂർണമായി വിവരം ലഭിക്കണമെങ്കിൽ മിസിംഗ് ആയിട്ടുള്ള 118 പേർ ഇതിൽ മൂന്ന് പേർ ബീഹാറിൽ നിന്നുള്ളവരാണ്. ഇവരുടെ ബന്ധുക്കൾ എത്താൻ ഇനിയും ദിവസങ്ങളെടുക്കും. ബാക്കി 115 പേരുടെ ബന്ധുക്കളിൽ നിന്നുള്ള രക്തസാംപിളുകൾ കൊടുത്തിട്ടുണ്ട്. ഇവയുടെ ക്രോസ് മാച്ചിംഗ് പൂർണമായാൽ മാത്രമേ കാണാതായിട്ടുള്ളവർ ആരൊക്കെയാണെന്ന് തിരിച്ചറിയാൻ സാധിക്കൂ. അത് കഴിഞ്ഞാലേ ഈ പട്ടികയ്ക്ക് പൂർണത വരൂവെന്നും റവന്യൂ വകുപ്പ് മന്ത്രി വിശദമാക്കി.