വീണ ജോർജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചു, സിപിഎം നേതാവിന് താക്കീത്; കയ്യേറ്റമില്ലെന്നും കണ്ടെത്തൽ
പത്തനംതിട്ട: മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിനെതിരെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീധരനെയാണ് താക്കീത് ചെയ്തത്. മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് കിഫ്ബി റോഡ് നിർമ്മാണത്തിൽ ഓടയുടെ ഗതിമാറ്റിച്ചെന്നായിരുന്നു ആരോപണം. ശ്രീധരനെതിരെ ശക്തമായ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല.
കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് കെ കെ ശ്രീധരൻ. അതേസമയം, മന്ത്രിയുടെ ഭര്‍ത്താവിന്‍റെ വാണിജ്യ കെട്ടിടവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ കയ്യേറ്റമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷേ, പരിശോധനയില്‍ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് ചട്ടലംഘനം കണ്ടെത്തി. നോട്ടീസ് നൽകാൻ പഞ്ചായത്തിന് കളക്ടറുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
റോഡ് അലൈൻമെന്റിൽ മാറ്റം വരുത്താൻ തന്റെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ടു എന്നത് അടിസ്ഥാനരഹിതമായി കാര്യമാണെന്ന് മന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കിഫ്‌ബി നിശ്ചയിച്ച അലൈൻമെന്റിൽ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല. താൻ എംഎൽഎ ആകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഭർത്താവിന് കൊടു മണ്ണിലെ 22.5 സെന്റ് സ്ഥലം ഉണ്ടായിരുന്നു. കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്. ഇതിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്.
2020 ലാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമ്മാണത്തിന് കിഫ്ബി ധനാനുമതി നൽകിയത്. അതായത് മന്ത്രിയാകുന്നതിന് മുമ്പേതന്നെ. ഇനി ഈ പറയുന്ന ഭാഗത്ത് റോഡിന്റെ വീതി അളന്നു നോക്കിയാൽ 17 മീറ്ററാണ് എന്ന് കാണാൻ കഴിയും. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. റോഡ് നിർമ്മാണം നടക്കുന്നത് കിഫ്ബി 2020 ൽ അനുവദിച്ച 12 മീറ്റർ വീതിയിൽ കെആർഎഫ്ബി നിശ്ചയിച്ച അലൈൻമെൻ്റിലാണ്. അതിൽ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. ഇവിടെയാണ് കോൺഗ്രസുകാർ കൊടി കുത്തിയതെന്നും മന്ത്രി പറഞ്ഞിരുന്നു.