NationalTop News

കൊൽക്കത്ത ബലാത്സംഗ കൊല: പ്രധാനമന്ത്രിയെ ആശങ്കയറിയിച്ച് പദ്‌മ അവാർഡ് ജേതാക്കളായ 70 പേർ; കത്ത് നൽകി

Spread the love

ദില്ലി: കൊൽക്കത്തയിലെ ബലാത്സംഗ കൊലപാതകത്തിൽ പ്രധാനമന്ത്രിയെ ആശങ്കയറിയിച്ച് 70 ലധികം പദ്മ അവാർഡ് ജേതാക്കൾ കത്ത് നൽകി. സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആരോഗ്യ പ്രവർത്തകരുടെ ജീവന് സുരക്ഷയൊരുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ദേശീയ തലത്തിൽ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന 70 പേരാണ് കത്തയച്ചത്.

അതിനിടെ സംഭവത്തിൽ സ്വമേധയാ സുപ്രീം കോടതി കേസെടുത്തിട്ടുണ്ട്. മറ്റന്നാൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കും. സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. ഇന്നും കൊൽക്കത്തയിൽ യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. കുടുംബങ്ങളടക്കം പ്രതിഷേധ സമരത്തിൻ്റെ ഭാഗമാകുന്നുണ്ട്.

ആർജി കർ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തേടിയിട്ടുണ്ട്. എന്നാൽ കൊൽക്കത്തയിൽ നടക്കുന്ന പ്രതിഷേധത്തോട് അനുനയ സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. ബലാത്സംഗ കൊലപാതകം വിവാദമായതിന് പിന്നാലെ ആശുപത്രി അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായവരിൽ തൃണമൂൽ പ്രവർത്തകരുമുണ്ടെന്നും വ്യക്തമായിട്ടുണ്ട്.