ഝാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം? എക്സ് ബയോയിൽ നിന്ന് ജെഎംഎം നീക്കം ചെയ്ത് ചംപയ് സോറൻ
ഝാർഖണ്ഡിൽ രാഷ്ട്രീയ അട്ടിമറിക്ക് ബിജെപി നീക്കം. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വിശ്വസ്തനും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ബിജെപിയിലേക്കെന്ന് സൂചന. ചംപയ് സോറന്റെ എക്സ് അക്കൌണ്ടിൽ നിന്ന് ‘ജെഎംഎം’ എന്നുള്ളത് നീക്കം ചെയ്തു. ആറ് എംഎൽഎമാരുമായി ചംപയ് സോറൻ ഡൽഹിയിലെത്തി. എന്നാൽ ബിജെപിയിൽ ചേരുമെന്ന വാർത്ത ചംപയ് സോറൻ തള്ളി.
അതേസമയം ചംപയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ഹേമന്ത് സോറൻ അപമാനിച്ചുവെന്ന് ബിജെപി വക്താവ് പ്രതുൽ ഷാ ദിയോ വിമർശിച്ചു. ചില എംഎൽഎമാരുമായി ആശയവിനിമയം നടത്താൻ കഴിയുന്നില്ലെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ചംപൈ സോറൻ ബന്ധപ്പെട്ടതായാണ് വിവരം. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ നേരത്തെ ചംപൈ സോറൻ തള്ളിയിരുന്നു.
ഇഡി കേസിൽ ജയിലിലായപ്പോൾ മുഖ്യമന്ത്രി പദം രാജിവച്ച ഹേമന്ത് സോറൻ സ്ഥാനം ചംപായ് സോറനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ജയിൽവാസം കഴിഞ്ഞ് തിരികെ വന്നപ്പോൾ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം തിരികെ ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും തമ്മിൽ അകന്നത് എന്നാണ് ഇപ്പോൾ വരുന്ന വിവരം. ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളപ്പോഴാണ് ചംപയ് സോറന്റെ രാഷ്ട്രീയ നീക്കം.