ഷിരൂര്‍ ദൗത്യം; തെരച്ചിൽ നിർത്തി, ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചിൽ, വീണ്ടും പ്രതിസന്ധി
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി. ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചിൽ നടത്താനാവു. ഡ്രഡ്ജർ എത്താൻ വൈകുമെന്നുറപ്പായതിനാൽ അർജുനെ കണ്ടെത്താനുള്ള ശ്രമകൾ ഇനിയും നീളും. ഒരാഴ്ച കഴിഞ്ഞേ ഡ്രഡ്ജർ എത്തിക്കാനാവൂ എന്ന് കമ്പനി എംഡി പറഞ്ഞിരുന്നു.
അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാൽ മുങ്ങിയുള്ള തെരച്ചിൽ ബുധിമുട്ടെന്ന് ഈശ്വർ മൽപെയും പറഞ്ഞു. അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുകയാണ്. ഇന്ന് നടത്തിയ തെരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. 50 മീറ്റർ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്. ഈശ്വർ മാൽപയുടെ സംഘമാണ് അർജുൻ ദൌത്യത്തിൽ ഏറെ നിർണായകമായ ലോറി ഭാഗങ്ങൾ കണ്ടെത്തിയത്. വലിച്ചു കയറ്റിയ ലോഹഭാഗങ്ങൾക്കൊപ്പമാണ് കയർ ലഭിച്ചത്. ഇതിനിടെയിലാണ് വീണ്ടും തെരച്ചിൽ വൈകുന്നത്.
പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവരാണ് ഇന്ന് നടന്ന തെരച്ചിലില്‍ പങ്കാളികളായത്.അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ കയറടക്കം കണ്ടെത്തിയതിനാൽ അർജുന്‍റെ ലോറി പുഴക്കടിയിൽ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വിവരിച്ചു. ലോറി പുഴക്ക് അടിയിൽ ഉണ്ടെന്നതിന്‍റെ തെളിവാണ് ഇന്ന് കയർ ലഭിച്ചതെന്നും കളക്ടർ പറഞ്ഞു. അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.