കൈക്കൂലി ചോദിച്ചത് 10 കോടി, ആദ്യഘട്ടം മൂന്ന് കോടി റിയാൽ; ചെക്ക് വാങ്ങുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ പിടിയിൽ
റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കോടി റിയാൽ കൈക്കൂലി വാങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഒരു കേസ് ഒതുക്കി തീർക്കാൻ പണം വാങ്ങി ഇടപെടൽ നടത്തിയതിനാണ് ദേശസുരക്ഷ വകുപ്പിൽനിന്ന് വിരമിച്ച കേണൽ സഅദ് ബിൻ ഇബ്രാഹിം അൽ യൂസുഫിനെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഒരു ബിസിനസുകാരനുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതി കേസ് ഫയൽ ചെയ്യാതിരിക്കാൻ ഈ ഉദ്യോഗസ്ഥൻ 10 കോടി റിയാലാണ് ചോദിച്ചത്. അത് സമ്മതിച്ച ബിസിനസുകാരൻ ആദ്യഘട്ടമായി മൂന്ന് കോടി റിയാൽ നൽകി. ആ തുകയുടെ ചെക്ക് സ്വീകരിക്കുന്നതിനിടെയാണ് നസഹ സംഘമെത്തി അറസ്റ്റ് ചെയ്തത്.
ഇയാൾ ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് ലഭ്യമായ വിവരങ്ങൾ ഇത്തരത്തിൽ അഴിമതി നടത്താൻ പ്രയോജനപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. താൻ സർക്കാർ പദവിയിലാണെന്നും ഗൾഫ് രാജ്യങ്ങളിലൊന്നിൽ ഭരണകുടുംബത്തിലെ അംഗമാണെന്നും അവകാശപ്പെട്ട യമൻ സ്വദേശിനിയായ ആമിന മുഹമ്മദ് അലി അബ്ദുല്ല എന്ന സ്ത്രീയുടെ സഹായത്തോടെയാണിതെന്നും നസഹ വൃത്തങ്ങൾ പറഞ്ഞു.
ഈ സ്ത്രീ താൻ അവകാശപ്പെടുന്നത് സത്യമാണെന്ന് ബിസിനസ് പ്രമുഖെര വിശ്വസിപ്പിക്കാൻ രാജകീയ ഉത്തരവ് അടങ്ങിയ ഒരു കത്ത് വ്യാജമായി ഉണ്ടാക്കി. ഗവൺമെൻറ് പദ്ധതികളിൽ നിക്ഷേപിക്കാമെന്ന് അവകാശപ്പെട്ട് സിറിയൻ പൗരനായ മുഹമ്മദ് സലിം അത്ഫ, സുഡാനി പൗരനായ ആദിൽ നജ്മുദ്ദീൻ എന്നിവരുടെ സഹായത്തോടെ സൗദി പൗരന്മാരിൽനിന്ന് എട്ട് കോടി റിയാൽ ശേഖരിച്ചു. ഈ പണം ഉപയോഗിച്ച് സ്ത്രീയും സംഘവും രാജ്യത്തിനകത്തും പുറത്തും റിയൽ എസ്റ്റേറ്റ് ഇടപാടുകളിലേർപ്പെടുകയും വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുകയും ചെയ്തു. അതിന് പുറമെ വിലപിടിപ്പുള്ള വസ്തുക്കൾ വിദേശത്തേക്ക് കടത്തുകയും ചെയ്തുവെന്നും കണ്ടെത്തി. കേസ് നിലനിൽക്കെ മേൽപ്പറഞ്ഞ വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും നസഹ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.