KeralaTop News

മേപ്പയ്യൂരിൽ യുഡിവൈഎഫ് – ഡിവൈഎഫ്ഐ സംഘ‍ർഷം: പൊലീസ് ലാത്തി വീശി; രണ്ട് പേർക്ക് പരിക്ക്

Spread the love

കോഴിക്കോട്: മേപ്പയ്യൂരില്‍ യുഡിവൈഎഫ് – ഡിവൈഎഫ് ഐ സംഘര്‍ഷം . രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെഎസ്‌യു ജില്ലാ സെക്രട്ടറി ആദില്‍ മുണ്ടിയത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അജിനാസ് കാരയില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പയ്യൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തെരഞ്ഞെടുപ്പില്‍ ആദ്യം ജയിച്ച യുഡിഎസ്എഫ് പ്രതിനിധികള്‍ റീ കൗണ്ടിംഗില്‍ പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സിപിഎം നേതാക്കള്‍ ഇടപെട്ട് അട്ടിമറിച്ചെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തിയത്. ഇതിനിടെ ഡിവൈഎഫ് ഐ പ്രവര്‍ത്തകരും പ്രകടനമായി എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനം കൈയേറി ആക്രമിക്കുകയായിരുന്നുവെന്ന് യുഡിവൈഎഫ് ആരോപിച്ചു. യു‍ഡിവൈഎഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.