‘മോദിയുടെ പ്രസംഗം രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാൻ’; എം.എം ഹസന്‍
സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യത്തെ വീണ്ടും മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള ആഹ്വാനമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
സ്വാതന്ത്ര്യം സംരക്ഷിക്കാനും ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്യേണ്ട പ്രധാനമന്ത്രി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യകരമാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.
രാജ്യത്ത് നിലനില്‍ക്കുന്ന ഏക വ്യക്തിനിയമത്തെ വര്‍ഗീയ വ്യക്തിനിയമം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി സിവില്‍കോഡ് വിവേചന പരമാണെന്നും സാമുദായിക സിവില്‍കോഡ് ആണെന്നുമാണ് പറഞ്ഞത്.കഴിഞ്ഞ 75 വര്‍ഷമായി നിലവിലുള്ള കോമണ്‍ സിവില്‍കോഡിന് രൂപം നല്‍കിയ ഭരണഘടനാ ശില്‍പ്പികളായ ഡോ.ബി.ആര്‍.അംബേദ്ക്കറെയും ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ സ്വതന്ത്ര്യ സമരസേനാനികളെയും അവഹേളിക്കുന്നതും അപമാനിക്കലുമാണ് മോദിയുടെ പ്രസംഗം.
21-ാം ലോ കമ്മീഷന്‍ സിവില്‍കോഡിനെ കുറിച്ച് പഠനം നടത്തിയ ശേഷം ഏക വ്യക്തിനിയമം ഇപ്പോള്‍ ആവശ്യമുള്ളതോ,അഭികാമ്യമോ അല്ലെന്നാണ് അഭിപ്രായപ്പെട്ടത്. അധികാരത്തില്‍ വന്ന 2014 മുതല്‍ മോദി ഭരണകൂടം ഏക വ്യക്തിനിയമം എന്ന അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു. പ്രധാനമന്ത്രി സുപ്രീംകോടതിയേയും ഭരണഘടനാ ശില്‍പ്പികളെയും ഇപ്പോള്‍ കൂട്ടുപിടിക്കുന്നത് എന്‍ഡിഎ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന ചിലരാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടാനാണെന്ന് ജനങ്ങള്‍ക്കറിയാം. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഏക വ്യക്തിനിയമം കൊണ്ടുവന്നപ്പോള്‍ ആര്‍എസ്എസ് എതിര്‍പ്പിനെ തുടര്‍ന്ന് ഗോത്രവിഭാഗങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയ കാര്യം വിസ്മരിക്കാനാവില്ല.ഏക വ്യക്തിനിയമത്തിന്റെ കാര്യത്തില്‍ ബിജെപിക്ക് ഉള്ളില്‍പോലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നതിന് തെളിവാണിത്.പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നതിന് തെളിവാണ് ചെങ്കോട്ടയിലെ അദ്ദേഹത്തിന്റെ പ്രസംഗം എന്നും എംഎം ഹസന്‍ പറഞ്ഞു.