BusinessTop News

സ്വര്‍ണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Spread the love

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6670 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 840 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 53360 രൂപ എന്ന നിലയ്ക്കാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.

രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന് വില ഉയര്‍ന്നതാണ് സംസ്ഥാനത്തും വില തുടര്‍ച്ചയായി ഉയരാന്‍ കാരണമായത്. ഈ മാസം മാത്രം പവന് കൂടിയത് 1,760 രൂപയാണ്. അമേരിക്കയിലെ തൊഴില്‍ ഡാറ്റ മെച്ചപ്പെട്ടതും വിലക്കയറ്റം കുറഞ്ഞതും പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,457 ഡോളറിന് മുകളിലായി.

ഇന്നലെ പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്. പവന് 52520 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണവില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.