കോമറിൻ മേഖലയിൽ കേരള-തമിഴ്നാടിന് മുകളിലായി 1.5 കിമീ ഉയരെ ന്യുനമർദ്ദ പാത്തി; അതിശക്ത മഴ സാധ്യത 4 ജില്ലകളിൽ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിൽ അതിശക്ത മഴ തുടരാൻ കാരണം. ഇതിന്‍റെ ഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി / മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 17 -19 അതിശക്തമായ ശക്തമായ മഴയ്ക്കും ആഗസ്റ്റ് 17 -21 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇത് പ്രകാരം സംസ്ഥാനത്തെ മഴ മുന്നറിയിപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിശക്ത മഴ മുന്നറിയിപ്പ് ഒരു ജില്ലയിൽ നിന്ന് 4 ജില്ലകളിലേക്ക് നീട്ടി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ഓറഞ്ച് അലർട്ട്
17/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
18/08/2024: കോട്ടയം, ഇടുക്കി, കോഴിക്കോട്
19/08/2024: പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
17/08/2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട്
18/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ്
19/08/2024: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്
20/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
21/08/2024: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.