18 ദിവസം, ഇനിയും കണ്ടെത്താനുളളത് നൂറിലേറെ പേരെ; തിരച്ചിൽ തുടരുന്നതിൽ അന്തിമ തീരുമാനം നാളെ
കൽപ്പറ്റ : വയനാട് ഉരുൾ പൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ. നൂറിലേറെ പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തിരച്ചിൽ തുടരണോ എന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.
കഴിഞ്ഞ 18 ദിവസമായി ദുരന്ത ഭൂമി ഉഴുതുമറിച്ച നടത്തിയ തിരച്ചിലിന് ഒടുവിലും നൂറിലേറെ പേർ ഇപ്പോഴും കാണാമറയത്താണ്. മുണ്ടക്കയിലും ചൂരൽ മലയിലും പുഞ്ചിരിമറ്റത്തുമെല്ലാം ഇപ്പോൾ തിരച്ചിൽ പേരിന് മാത്രമാണ്. ചാലിയാറിന്റെ തീരങ്ങളിൽ വിവിധ സേനാവിഭാഗങ്ങൾ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ശരീര ഭാഗങ്ങൾ അല്ലാതെ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിൽ തിരച്ചിൽ അനന്തമായി നീട്ടിക്കൊണ്ട് പോകണോ എന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത്. ദുരിത ബാധിതരോ കാണാതായവരുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാൽ തെരച്ചിൽ തുടരും. ഇക്കാര്യത്തിൽ നാളെ അന്തിമ തീരുമാനം ഉണ്ടായേക്കും.
അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്.
ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്. വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം.അതിനിടെ, ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും ഇന്ന് സംഘടിപ്പിച്ചു. കൂടുതൽ ഡിഎൻഎ സാമ്പിളുകളുടെ ഫലവും കിട്ടിത്തുടങ്ങി. ബന്ധുക്കളുടെ സാമ്പിളുമായുള്ള ഒത്തുനോക്കൽ അവസാന ഘട്ടത്തിലാണ്.