കാഫിർ സ്ക്രീൻ ഷോട്ട്, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ്, യുഡിഎഫ് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും ‘: വിഡി സതീശൻ
ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്, ഇല്ലെങ്കിൽ കാസിമിന്റെ തലയിൽ ഇരുന്നേനെ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും അല്ലെങ്കിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തുടരുമെന്നും വിഡി സതീശൻ പറഞ്ഞു.
കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ച സിപിഐഎം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് പൊലീസ്. ചോദ്യം ചെയ്തവരുടെ മേല്‍വിലാസം രേഖപ്പെടുത്താതെയാണ് ഹൈക്കോടതിയിലും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാൽ പൊലീസ് സിപിഎമ്മുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നാരോപിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ക്രിമിനലുകളെ സംരക്ഷിക്കുന്നു. എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. വിമർശിച്ചാൽ കേസെടുക്കും. വിദ്വേഷം പ്രചരിപ്പിച്ചാൽ കേസില്ല. ഡിഫിക്കാരനെ ചോദ്യം ചെയ്താൽ വിവരം കിട്ടും. പക്ഷേ ചെയ്യുന്നില്ല. കേരളത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കമാണെന്നും നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത തിങ്കളാഴ്ച ആര്‍ എം പിയും യുഡിഎഫും വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഇതിനു പുറമേ സിപിഐഎമ്മിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂത്ത് ലീഗും ഈ വിഷയത്തില്‍ സമര മുഖത്താണ്.