‘അയ്യപ്പന്റെ അനുഗ്രഹത്താൽ ശ്രീപദ് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടി’; ആശംസയുമായി ഉണ്ണി മുകുന്ദൻ
70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ശ്രീപദിന് ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ. ശ്രീപഥിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്.
അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ, പ്രിയപ്പെട്ട ശ്രീപദ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ്. വളരെയധികം സന്തോഷമുണ്ടെന്നും അഭിനന്ദനങ്ങളെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.മാളികപ്പുറം എന്ന സിനിമയിൽ പിയൂഷ് ഉണ്ണി എന്ന കഥാപാത്രത്തെയാണ് ശ്രീപദ് അവതരിപ്പിച്ചത്.
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളിത്തിളക്കം. ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വ്വഹിച്ച ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. കാന്തരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സൂരജ് ആര്‍. ബര്‍ജാത്യ മികച്ച സംവിധായകനായി.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് നേടി. മികച്ച നടിക്കുള്ള പുരസ്‌കാരം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോനും കച്ച് എക്‌സ്പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു.
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. സൗദി വെള്ളക്കയിലെ ഗാനം ആലപിച്ച ബോംബെ ജയശ്രീ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. അരിജിത് സിങ് ആണ് മികച്ച ഗായകന്‍.