KeralaTop News

‘കാഫിർ പ്രയോഗം UDFൻ്റെ തെറ്റായ പ്രചരണത്തിൻ്റെ ഭാഗമായി ഉയർന്നത്; കെകെ ശൈലജയെ വ്യക്തിഹത്യ നടത്തി’; എംവി ​ഗോവിന്ദൻ

Spread the love

കാഫിർ പ്രയോഗം വടകരയിലെ യു ഡി എഫിൻ്റെ തെറ്റായ പ്രചരണത്തിൻ്റെ ഭാഗമായി ഉയർന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കെകെ ഷൈലജയെ വ്യക്തിഹത്യ നടത്തിയെന്ന് എംവി ​​ഗോവിന്ദൻ ആരോപിച്ചു. കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശദമായി വിശകലനം ചെയ്യുമ്പോൾ വടകരയിൽ നടന്ന യുഡിഎഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചത് എന്ന് കാണാൻ കഴിയുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

ഒറ്റപ്പെട്ട പ്രശ്നം എന്ന രീതിയിലാണ് ബോധപൂർവം ഇതിനെ മാറ്റാൻ ശ്രമിക്കുന്നതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഷൈലജക്കെതിരെ നടന്ന അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട തുടക്കത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന് ടീച്ചർ പറഞ്ഞുവെന്ന് പ്രചരണം നടത്തിയെന്ന് എംവി ​ഗോവിന്ദൻ ആരോപിച്ചു. ലൗജിഹാദുമായി ബന്ധപ്പെട്ട് ആർഎസ്എസ് നിലപാടാണ് ടീച്ചർക്കുള്ളതെന്ന് പ്രചരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

നവമാധ്യമങ്ങളിൽ നടക്കുന്ന കള്ളപ്രചരണങ്ങളെ തുറന്നു കാട്ടുക എന്നത് അതിപ്രധാന ഉത്തരവാദിത്വമാണ്. മതനിരപേക്ഷതയ്ക്ക് വേണ്ടി എന്നും പ്രാധാന്യം നൽകുന്ന പാർട്ടിയാണ് സിപിഐഎമ്മെന്ന് എംവി ​ഗോവന്ദൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ മതേതര നിലപാട് ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉണ്ടാവുന്നതല്ല. സിപിഐഎം ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കും എതിരായ നിലപാട് എന്നും ഉയർത്തിപ്പിടിക്കുന്നതാണെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

കാന്തപുരത്തിന്റെ ലെറ്റർപാഡ് വ്യാജമായി നിർമ്മിച്ച പ്രചരണം നടത്തി. നിരവധി വ്യാജമായ സൃഷ്ടികൾ നടത്തി. ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പിന്നിലുള്ള ലീഗിൻ്റെയും യുഡിഎഫിന്റെയും പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പാനൂർ ബോംബ് കേസിലെ പ്രതികൾക്കൊപ്പം ടീച്ചർ നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു. ടീച്ചറുടെ ബൈറ്റുകളും ഇന്റർവ്യൂവും തെറ്റായ രീതിയിൽ പ്രചരിപ്പിച്ചുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

വ്യാജവാർത്തയും വ്യാജ ഐഡി കാർഡ് നിർമിക്കലും എല്ലാം നടത്തുന്നതാരാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം മുതൽ അശ്ലീലവും വർഗീയതയും ചേർത്ത് യുഡിഎഫ് കൈകാര്യം ചെയ്തിട്ടുണ്ട്. കാഫിർ പ്രയോഗവുമായി ബന്ധപ്പെട്ട ആദ്യ പരാതി നൽകിയത് എൽഡിഎഫ് ആണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് എംവി ​ഗോവിന്ദൻ ആവശ്യപ്പുെട്ടു.

തെറ്റായ ഒരു സമീപനത്തിന്റെയും ഭാഗമായി പോകേണ്ട നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും സിപിഐഎം മുമ്പ് തള്ളിപ്പറഞ്ഞ ചില ഗ്രൂപ്പുകളെ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫിനെതിരെ പ്രചരണം നടത്തുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പോലീസ് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ അന്വേഷണം ഇടതുപക്ഷത്തേക്ക് നീങ്ങുന്നു എന്ന പുകമറ സൃഷ്ടിക്കുകയല്ലെന്ന് അദ്ദേഹം പറഞ്ഞു.

നാടിനാപത്താണെന്ന് സൂചിപ്പിക്കുന്നത് ആയിരുന്നു ലതികയുടെ കുറിപ്പെന്ന് എംവി ​ഗോവിന്ദൻ ന്യായീകരിച്ചു. ഇതിൽ നിന്നും നാടിനെ രക്ഷിക്കാനുള്ളതായിരുന്നു. തകർക്കാനുള്ളതായിരുന്നില്ല പോസ്റ്റെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം ഇടതുപക്ഷത്തെക്ക് നീങ്ങുന്നു എന്ന വാർത്ത എന്താടിസ്ഥാനത്തിലാണെന്നും സിപിഐഎമ്മിന് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടേണ്ട കാര്യമില്ലെന്നും എംവി ​ഗോവിന്ദ​ൻ പറഞ്ഞു.