വിനേഷ് ഫോഗട്ടിന് മെഡല്‍ ഇല്ല; അപ്പീല്‍ തള്ളി
പാരിസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെയുള്ള അപ്പീല്‍ തള്ളി. വിനേഷിന് വെള്ളി മെഡല്‍ കായിക കോടതി അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 ഗ്രാം ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനേഷിനെ അയോഗ്യയാക്കിയിരുന്നത്. ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയ നടപടി റദ്ദാക്കണമെന്നും തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്നുമായിരുന്നു വിനേഷിന്റെ ആവശ്യം.
ഒളിംപിക്സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഫെഡറേഷന് വാദത്തിനിടെ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞത്.
മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലില്‍ പ്രവേശിച്ച വിനേഷിന് മത്സരദിനം നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്.
രണ്ട് ദിവസങ്ങളായി നടക്കുന്ന ഗുസ്തി മത്സരങ്ങളില്‍ രണ്ട് തവണയാണ് ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന് വീതം. ഇതില്‍ സെമി/ക്വാര്‍ട്ടര്‍/പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് മുന്‍പു നടന്ന ആദ്യ പരിശോധനയില്‍ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.