ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അനിവാര്യം, മതേതര സിവിൽ കോഡ് നടപ്പാക്കും’; പ്രധാനമന്ത്രി
മതേതര സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് മതാധിഷ്ഠിത സിവിൽകോഡല്ല, മതേതര സിവിൽ കോഡ് ആണ് ആവശ്യമെന്നും
സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
സംസ്ഥാന സർക്കാരുകൾ സ്ത്രീ സുരക്ഷയിൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി യാഥാർത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ നിയമവ്യവസ്ഥയുടെ അന്തസ് ഉയർത്തി. മൂന്നാം തവണ അധികാരത്തിൽ എത്താൻ അവസരം നൽകിയ ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പ്രകാശിപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള ഇന്ത്യ മുന്നണി നേതാക്കളും കേന്ദ്ര മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണനേട്ടങ്ങളും എണ്ണിപ്പറഞ്ഞു.
‘രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിന്‍റെ വളർച്ചയുടെ ബ്ലൂ പ്രിന്‍റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണം. നിയമ രംഗത്ത് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവൻ മിഷനിൽ 15 കോടി ഉപഭോക്കാക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകൾ ഉണ്ടായി. സൈന്യത്തിന്‍റെ പോരാട്ടം യുവാക്കൾക്ക് പ്രചോദനമായി. ഉൽപാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. ദ്രുതവളർച്ചയാണ് യുവാക്കൾ ആഗ്രഹിക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകൾ ലക്ഷാധിപതികളായി. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. ആവശ്യമുള്ളവന്‍റെ വാതിൽക്കൽ ഇന്ന് സർക്കാരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജോലിക്കാരായ സ്ത്രീകൾക്ക് ശമ്പളത്തോടെ പ്രസവാവധി നൽകിയത് ഈ സർക്കാരാണ്. ട്രാൻസ്ജെൻഡർ സമൂഹത്തിനും സർക്കാർ താങ്ങായിസേവനത്തിന് അവസരം നൽകിയ ജനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു. 2047 ൽ വികസിത ഭാരതം എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. വിദ്യാഭ്യാസ മേഖലയിലും പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു. ലക്ഷങ്ങൾ മുടക്കി മക്കളെ വിദേശത്ത് പഠിക്കാനയക്കുന്നത് മധ്യവർഗ രക്ഷിതാക്കൾക്ക് വലിയ ബുദ്ധിമുട്ടാണ്. അത്തരം അവസരങ്ങൾ ഇന്ത്യയിൽ സജ്ജമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചന്ദ്രയാൻ ദൗത്യത്തിന് ശേഷം വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വർധിച്ചിരിക്കുന്നു. ഒരു ലക്ഷം കോടി രൂപയാണ് ശാസ്ത്ര ഗവേഷണണൾക്കായി ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് 75000 സീറ്റുകൾ കൂടി വർധിപ്പിച്ചു. കർഷകരുടെ മക്കൾക്കായി സ്മാർട്ട് സ്കൂളുകൾ യാഥാർത്ഥ്യമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടികൾ സ്വീകരിച്ചു.
സംസ്ഥാന സർക്കാരുകൾ സ്ത്രീ സുരക്ഷയിൽ കൂടുതൽ ജാഗ്രത പുലർത്തണം. സ്ത്രീകൾക്കെതിരായി അതിക്രമം കാട്ടിയാൽ പിന്നീട് നിലനിൽപില്ലെന്ന് ക്രിമിനലുകൾ തിരിച്ചറിയും വിധം നടപടികൾ വേണം. വേഗം നടപടി വേണം, ഒരാളെ പോലും വെറുതെ വിടരുത്. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും നുഴഞ്ഞുകയറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.