Top NewsWorld

ഗസ്സ വെടിനിർത്തൽ; മധ്യസ്ഥ ചർച്ചകൾക്ക് ഇന്ന് ദോഹയിൽ തുടക്കമാവും

Spread the love

ഇസ്രായേൽ, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്), ഈജിപ്ത് മധ്യസ്ഥ പ്രതിനിധികളെ ഉൾപ്പെടുത്തി ദോഹയിൽ പുതിയ റൗണ്ട് ഗസ്സ വെടിനിർത്തൽ ചർച്ചകൾ ഇന്ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്‌ച ദോഹയിൽ നടക്കുന്ന ഉന്നതതല ചർച്ചയിൽ ഹമാസ് പങ്കെടുക്കുമോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം ഹമാസ് പ്രതിനിധികൾ ഖത്തർ വാഷിംഗ്ടണിന് ഉറപ്പുനൽകിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

10 മാസം നീണ്ട അധിനിവേശത്തിൽ ഏകദേശം 40,000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതേസമയം ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനുള്ള സാധ്യതകൾ കുറവാണെന്നാണ് ഹമാസിന്റെ വിലയിരുത്തൽ. പുതിയ ചർച്ചകളിലേക്ക് പോകുന്നത് അധിനിവേശത്തിന് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്താനും, കൂടുതൽ കൂട്ടക്കൊലകൾ നടത്താനുമുള്ള തന്ത്രമായാണ് കാണുന്നതെന്ന് മുതിർന്ന ഹമാസിന്റെ ഉദ്യോഗസ്ഥൻ സാമി അബു സുഹ്‌രി റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

എന്നാൽ, ഇന്ന് ദോഹയിൽ നടക്കുന്ന ചർച്ചകളിൽ തങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇസ്രയേൽ പ്രതിനിധി സംഘം ദോഹയിലേക്ക് പോകുന്നതിനും ചർച്ചകളിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകാരം നൽകിയതായി അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊസാദ് മേധാവി ഡേവിഡ് ബാർണിയ, ഷിൻ ബെറ്റ് തലവൻ റോണൻ ബാർ, നിറ്റ്‌സൻ അലോൺ, ഒഫിർ ഫാക്ക് എന്നിവർ ഇസ്രായേൽ പ്രതിനിധി സംഘത്തിലുണ്ടാകുമെന്ന് നെതന്യാഹുവിന്റെ വക്താവ് ഒമർ ദോസ്‌ത്രി വ്യക്തമാക്കിയിരുന്നു.

ഗസ്സയ്‌ക്കെതിരായ 10 മാസത്തെ ആക്രമണം തുടർന്നാൽ പ്രാദേശിക സംഘർഷമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ മധ്യസ്ഥ രാജ്യങ്ങളുടെ അപ്പീലിനെ തുടർന്നാണ് പുതിയ ചർച്ചകൾ നടക്കുന്നത്. ജൂലൈയിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ തങ്ങളുടെ മണ്ണിൽ വെച്ച് കൊലപ്പെടുത്തിയതിന് ഇസ്രായേലിനെതിരായ നേരിട്ടുള്ള തിരിച്ചടിയിൽ നിന്ന് ഇറാനെ തടയാൻ ഗസയിലെ വെടിനിർത്തൽ കരാർ മാത്രമേ സഹായിക്കൂവെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും പറഞ്ഞു.

സിഐഎ ഡയറക്ടർ ബിൽ ബേൺസും യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗുർക്കും വെടിനിർത്തൽ ചർച്ചയിൽ യുഎസിനെ പ്രതിനിധീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹമാസ് പങ്കെടുത്തില്ലെങ്കിലും ചർച്ചകൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായി ജീൻ പിയറിയും വ്യക്തമാക്കി.