KeralaTop News

ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടും; തീരുമാനം ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Spread the love

ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് മറ്റന്നാൾ പുറത്തുവിടും. സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് വെളിച്ചം കാണുന്നത് 5 വർഷത്തിനുശേഷം. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുക.

ഹൈക്കോടതി ഉത്തരവിന് തൊട്ടു പിന്നാലെയാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നത്. ഉത്തരവിന്റെ പകർപ്പ് വിശദമായി പരിശോധിച്ച് നിയമ വകുപ്പിന്റെ ഉപദേശവും കൂടി തേടിയ ശേഷമാണ് തീരുമാനം. 295 പേജുകളുള്ള റിപ്പോർട്ടിലെ 62 പേജുകൾ ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തുവിടുന്നത്. ഒഴിവാക്കുന്ന പേജുകൾ നേരത്തെ നിയമ വകുപ്പും പരിശോധിച്ചിരുന്നു. സ്വകാര്യതയെ ഹനിക്കുന്ന പേജുകൾ ഒഴിവാക്കാമെന്ന് വിവരാവകാശ കമ്മീഷണർ അബ്ദുൽ ഹക്കീമും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ് ഒഴിവാക്കുന്നവയിൽ ഭൂരിഭാഗവും. പുറത്തു പോകരുതെന്ന നിബന്ധനയോടെയാണ് ഇവർ മൊഴി നൽകിയത്. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് റിപ്പോർട്ട് കൈമാറുമ്പോൾ ജസ്റ്റിസ് ഹേമ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിലെ ചില പേജുകൾ പൂർണമായി ഒഴിവാക്കുമ്പോൾ പേജുകളിലെ ഖണ്ഡിക മാത്രമായും ഒഴിവാക്കുന്നുണ്ട്. സർക്കാരിനോട് ആവശ്യപ്പെട്ട അഞ്ചു മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് നൽകുക. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.