യാത്രക്കാരുടെ നിരന്തര ആവശ്യം; പാലരുവി എക്സ്പ്രസിന് ഇന്ന് മുതൽ നാല് അധിക കോച്ചുകൾ
തിരുവനന്തപുരം: തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16791, 16792) ഇന്ന് മുതൽ നാല് അധിക കോച്ചുകൾ. ഒരു സ്ലീപ്പറും മൂന്ന് ജനറൽ കോച്ചുകളുമാണ് കൂട്ടുക. ഇതോടെ ട്രെയിനിൽ 18 കോച്ചുകളുണ്ടാകും. ഏറെക്കാലമായി യാത്രക്കാർ ഉന്നയിച്ച ആവശ്യമായിരുന്നു ഇത്.
വേണാട് എക്സ്പ്രസ് എറണാകുളം ജങ്ഷനിലേക്ക് എത്താതായതോടെ പാലരുവിയിൽ കയറുന്ന യാത്രക്കാരുടെ എണ്ണം കൂടിയിരുന്നു. ജോലിക്കും പഠനത്തിനുമായി ദൈനംദിന യാത്രയ്ക്ക് കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെ നിരവധി യാത്രക്കാർ പാലരുവിയെ ആശ്രയിക്കുന്നുണ്ട്. തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന സാഹചര്യമായിരുന്നു. കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകൾ നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാലരുവിയ്ക്കും വേണാടിനും ഇടയിൽ മെമുവോ പാസഞ്ചറോ അടിയന്തരമായി വേണമെന്നാണ് യാത്രക്കാർ പ്രധാനമായും ആവശ്യപ്പെട്ടത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം യാത്രക്കാർ പ്രതിഷേധിച്ചത്.
നാളെ മുതൽ ട്രെയിൻ തൂത്തുക്കുടിയിലേക്ക് നീട്ടുകയും ചെയ്യും. തുടക്കത്തിൽ പുനലൂർ വരെയായിരുന്നു പാലരുവി എക്സ്പ്രസ്. പിന്നീട് ചെങ്കോട്ടയിലേക്കും തുടർന്ന് തിരുനെൽവേലിയിലേക്കും നീട്ടുകയായിരുന്നു. ഇപ്പോൾ തൂത്തുക്കുടിയിലേക്ക് നീട്ടിയിരിക്കുകയാണ്. നാളെ ഉച്ച കഴിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം വന്ദേഭാരതിനു വേണ്ടി അരമണിക്കൂർ വരെ പാലരുവി പിടിച്ചിടുന്ന അവസ്ഥയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല.
പന്തീരാങ്കാവ് ഗാർഹിക പീഡനം: പരാതിയില്ലെന്ന് യുവതി; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി, ഇരുവർക്കും കൗൺസിലിങ് നൽകും
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ദമ്പതികളെ കൗൺസിലിങിന് വിടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് സീൽഡ് കവറിൽ ഹാജരാക്കാൻ കെൽസയ്ക്ക് (കേരള ലീഗൽ സർവീസ് അതോറിറ്റി) ഹൈക്കോടതി നിർദ്ദേശം നൽകി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങൾ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയിൽ സ്വീകരിച്ചു. ആരും തന്നെ ഇങ്ങനെ പറയാൻ നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയോട് പറഞ്ഞു. കുടുംബ ബന്ധങ്ങളിൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കൗൺസിലിങിന് അയച്ചത്.
ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. സർക്കാർ അഭിഭാഷകൻ റിപ്പോർട്ട് കോടതിയിൽ വായിച്ചു കേൾപ്പിച്ചു. പരാതിക്കാരിയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പരാതി ഉയർന്നു വന്നതോടെ രാഹുൽ ഒളിവിൽ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സമയത്താണ് കുടുംബ ബന്ധങ്ങളിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാനാവില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തത്. കൗൺസിലിങ് റിപ്പോർട്ട് തൃപ്തികരമെങ്കിൽ ഇരുവരെയും ഒരുമിച്ച് ജീവിക്കാൻ വിടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് പേരും ഒരുമിച്ച് ജീവിക്കുന്നതിൽ സർക്കാർ എതിരല്ലെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. ഹർജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.