NationalTop News

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും: നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ദൗത്യത്തിന്റെ ഭാഗമാകും

Spread the love

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയ്ക്കും സംഘത്തിനുമൊപ്പം നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ദൗത്യത്തിന്റെ ഭാഗമാകും. ഗംഗാവലിപുഴയിലെ അടിയൊഴുക്ക് കുറഞ്ഞതാണ് തിരച്ചിലിന് അനുകൂലമായത്.

ഈശ്വർ മാൽപെ ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു.‌ ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വർ മൽപെ പുഴയിലിറങ്ങിയുള്ള തെരച്ചിൽ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്.

ലോറിയുടെ പിൻഭാഗത്ത് ടൂൾസ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അർജുൻറെ സഹോദരി ഭർത്താവ് ജിതിനും സ്ഥലത്തുണ്ട്. ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അടിയിൽ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോൾ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വർ മൽപെ പറഞ്ഞിരുന്നു.