പ്രതികളെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്; കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മമത സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇരയുടെ നീതി ഉറപ്പാക്കുന്നതിനേക്കാള്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് യുവഡോക്ടറുടെ കുടുംബത്തിന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. കൊല്‍ക്കത്തയിലെ ഈ സംഭവം ഡോക്ടര്‍മാര്‍ക്കിടയിലും രാജ്യത്തെ സ്ത്രീകള്‍ക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ംക്‌സില്‍ കുറിച്ചു.
റസിഡന്റ് ഡോക്റ്ററെ ബാലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സിബിഐ സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് സംഘതോടൊപ്പം സിബി ഐ തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ നിന്നുള്ള സിബിഐയുടെ പ്രത്യേക സംഘം കോല്‍ക്കത്തയിലെത്തി കേസ് അന്വേഷണം ഔപചാരികമായി ഏറ്റെടുത്തത്.ഫോറന്‍സിക് – മെഡിക്കല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘം കേസ് ഡയറി പഠിച്ച ശേഷം, ആശുപത്രിയില്‍ എത്തി പരിശോധന നടത്തി, സാമ്പിളുകള്‍ ശേഖരിച്ചു.
നിലവില്‍ കസ്റ്റഡിയില്‍ ഉള്ള പ്രതി സഞ്ജയ് റോയ് അടക്കമുള്ളവരെ സിബിഐ ചോദ്യം ചെയ്യും.കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തത്.വിഷയത്തില്‍ നടത്തി വന്ന പ്രതിഷേധം ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ പിന്‍വലിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. അതേസമയം ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ അടക്കമുള്ള മറ്റ് സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്.