KeralaTop News

കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് DYFI നേതാവ്, മത സ്പർദ്ധ വളർത്താനുള്ള CPIM നീക്കാമെന്ന് പി കെ ഫിറോസ്

Spread the love

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി PK ഫിറോസ്. DYFI നേതാവ് റിബീഷ് ആണ് വ്യാജ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ റബീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല

വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മത സ്പർദ്ധ വളർത്താനായുള്ള CPIM നീക്കത്തിന് പിന്നിൽ നേതാക്കൾക്ക് പങ്കുണ്ട്. അധ്യാപകനായ റിബീഷിനെ പിരിച്ചുവിടണം.കുറ്റക്കാർ ശിക്ഷിക്കപ്പെടണം. നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

അതേസമയം വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സത്യം പുറത്തുവന്നുവെന്ന് ഷാഫി പറമ്പിൽ എം.പി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്നതാണ് സി.പി.ഐ.എം രീതി.

സ്ക്രീൻഷോട്ട് പ്രമുഖ നേതാക്കൾ തനിക്കെതിരായ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി. എന്തുകൊണ്ടാണ് സി.പി.ഐ.എം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തത്? വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പൊലീസ് കൈകാര്യം ചെയ്യുക. കോടതി ഇടപെടലുണ്ടായിട്ടും സ്ലോമോഷനിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.

സ്ക്രീൻഷോട്ട് തയാറാക്കിയത് യു.ഡി.എഫ് അല്ല എന്ന കാര്യത്തിൽ തുടക്കം മുതൽ വ്യക്തതയുണ്ടായിരുന്നു. വടകരയിലെ ജനങ്ങൾക്കും ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു. അതിനാൽ തന്നെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ ജനം പിന്തുണക്കുകയും വലിയ ഭൂരിപക്ഷത്തിന് ജയിക്കാനായെന്നും ഷാഫി പറമ്പിൽ എം.പി കൂട്ടിച്ചേർത്തു.