മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് ആശ്വാസമില്ല, ഇടക്കാല ജാമ്യം ഇല്ല
മദ്യനയ അഴിമതി കേസ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം ഇല്ല. ഓഗസ്റ്റ് 23 വരെ കെജ്‌രിവാളിന് ജയിലിൽ തുടരെണ്ടിവരും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കെജ്‌രിവാളിന്റെ ഹർജിയിൽ സുപ്രിംകോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചു.
സിബിഐ അറസ്റ്റ് ദുരുദേശ്യത്തോടെയാണെന്നായിരുന്നു കെജ്‌രിവാൾ വാദിച്ചത്. എന്നാൽ ജാമ്യം തത്കാലം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു കോടതി. ജൂലായ് 12-ന് ഇ.ഡി.കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാൽ കേസിൽ സിബിഐ അറസ്റ്റ് ചെയ്തതോടെ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലിരിക്കെയാണ് അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ തിഹാർ ജയിലിൽ കഴിയവെ ജൂൺ 26നാണ് സി.ബി.ഐ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.