KeralaTop News

വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വന്നത് ‘റെഡ് എന്‍കൗണ്ടേഴ്‌സ്’ ഗ്രൂപ്പില്‍ നിന്ന്; പ്രചരിപ്പിച്ചത് റിബീഷ്

Spread the love

കൊച്ചി: വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ വലിയ വിവാദമായി മാറിയ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. റെഡ് എന്‍കൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. റിബീഷ് രാമകൃഷ്ണന്‍ എന്നയാളാണ് സ്ക്രീന്‍ ഷോട്ട് ഈ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബീഷ് വെളിപ്പെടുത്തിയില്ലെന്നും പൊലീസ് പറയുന്നു. റിബീഷിന്‍റെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

റെഡ് എന്‍കൗണ്ടേഴ്സ് വാട്സാപ് ഗ്രൂപ്പിൽ റിബീഷ് രാമകൃഷ്ണന്‍ പ്രചരിപ്പിച്ച ഈ സ്ക്രീൻഷോട്ട് പിന്നീട് റെഡ് ബെറ്റാലിയനെന്ന ഗ്രൂപ്പിലിട്ടത് അമല്‍ രാമചന്ദ്രന്‍ എന്ന ആളാണ്. പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകൾക്ക് ഈ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് സ്കീന്‍ ഷോട്ട് ലഭിച്ചതും പൊലീസ് കണ്ടെത്തി. വടകര എസ് എച്ച് ഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ണായക വിവരങ്ങളുള്ളത്.

സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ മെറ്റ കമ്പനിയെടക്കം പ്രതി ചേർത്ത് കേസെടുത്തതായും പൊലീസ് അറിയിച്ചു. മെറ്റ കമ്പനിയെ മൂന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക്, വാട്സ് ആപ് വിവരങ്ങൾ കൈമാറാത്തതിനാണ് മെറ്റയെ പ്രതി ചേർത്തത്.