KeralaTop News

വേഗപൂട്ടില്ലാത്ത സ്വകാര്യ ബസുകൾക്ക് പിടിവീണു; 20ലധികം ബസുകളിൽ ജിപിഎസും പ്രവർത്തനരഹിതം; എംവിഡി പരിശോധന

Spread the love

കോട്ടയം:കോട്ടയത്ത് സ്വകാര്യ ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധന. വേഗപൂട്ടില്ലാതെയും ജിപിഎസ് സംവിധാനം പ്രവര്‍ത്തിപ്പിക്കാതെയും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയില്‍ നടപടിയെടുത്തു. രണ്ടാഴ്ച മുമ്പ് വൈക്കം തലയോലപറമ്പിലുണ്ടായ ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന. ചില ബസുകളില്‍ ജിപിഎസ് സംവിധാനം ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

പരിശോധനയിൽ 17 ബസുകളില്‍ വേഗപുൂട്ട് വിച്ഛേദിച്ചിരുന്നതായി കണ്ടെത്തി.ഈ ബസുകളുടെ സര്‍വീസ് റദ്ദാക്കി. 20ലധികം ബസുകളില്‍ ജിപിഎസ് സംവിധാനം റീചാര്‍ജ് ചെയ്തിരുന്നില്ലെന്നും പ്രവര്‍ത്തനരഹിതമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. റിചാര്‍ജ് ചെയ്തശേഷം മാത്രമെ ഈ ബസുകള്‍ക്ക് സര്‍വീസ് നടത്താൻ കഴിയുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാല, കോട്ടയം എന്നിവിടങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.