Thursday, December 26, 2024
Latest:
KeralaTop News

എന്‍ഐആര്‍എഫ് റാങ്കിംഗ് പട്ടികയില്‍ കേരളത്തിന് നേട്ടം; പൊതു സര്‍വകലാശാല പട്ടികയില്‍ കേരള സര്‍വകലാശാല 9-ാം സ്ഥാനത്ത്

Spread the love

എന്‍ഐആര്‍എഫ് റാങ്കിംഗ് പട്ടികയില്‍ കേരളത്തിനും സര്‍വകലാശാലകള്‍ക്കും മികച്ച നേട്ടം. സംസ്ഥാന പൊതു സര്‍വകലാശാലയുടെ പട്ടികയില്‍ കേരള സര്‍വകലാശാല ഒമ്പതാം റാങ്ക് കുസാറ്റ് 10, എംജി 11, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 43 -ാം റാങ്ക് നേടി. ഓവറോള്‍ റാങ്കിങ്ങില്‍ കേരള സര്‍വകലാശാലക്ക് 38-ാം റാങ്കുമുണ്ട്. ആദ്യ 200 റാങ്കുകളില്‍ 42 സ്ഥാനങ്ങള്‍ കേരളത്തിലെ കോളജുകള്‍ക്കാണ്.

നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷനും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കും ചേര്‍ന്നാണ് പട്ടിക തയാറാക്കിയത്. ഐഐടി മദ്രാസാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് രണ്ടാം സ്ഥാനത്ത്. ഐഐടി ബോംബെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്. മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഐഐഎം അഹമ്മദാബാദാണ് ഒന്നാം സ്ഥാനത്ത്.

മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കോഴിക്കോട് ഐഐഎം മൂന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസാണ് മുന്നില്‍ നില്‍ക്കുന്നത്. മികച്ച കോളജുകളുടെ പട്ടികയില്‍ ഡല്‍ഹിയിലെ ഹിന്ദു കോളജും ഒന്നാം സ്ഥാനത്തെത്തി.