NationalTop News

സംഭവിക്കുന്നത് വൻ വളർച്ച; രാജ്യത്തെ ജനസംഖ്യ 2036 ൽ 150 കോടി കവിയുമെന്ന് കേന്ദ്ര സർക്കാരിൻ്റെ വിലയിരുത്തൽ

Spread the love

രാജ്യത്ത് ജനസംഖ്യ 2036 ഓടെ 152.2 കോടി തൊടുമെന്ന് വിലയിരുത്തൽ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ്റേതാണ് ഈ കണക്ക്. 2011 ലെ 1000:943 എന്നതിൽ നിന്ന് ലിംഗ അനുപാതം 1000:952 ആയി ഉയരുമെന്നും സ്ത്രീകളുടെ എണ്ണം രാജ്യത്ത് 48.8 ലേക്ക് എത്തുമെന്നും റിപ്പോർട്ട് പറയുന്നു.

രാജ്യത്ത് അവസാനായി പൊതു സെൻസസ് നടന്നത് 2011 ലാണ്. 2021 ലായിരുന്നു സെൻസസ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഇതുണ്ടായില്ല. തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ഇതും ആയുധമാക്കിയിരുന്നു. അധികാരത്തിലെത്തിയാൽ പൊതു സെൻസസ് നടത്തുമെന്ന വാഗ്ദാനം ഇന്ത്യ സഖ്യം മുന്നോട്ട് വച്ചിരുന്നു.

കേന്ദ്ര മന്ത്രാലയത്തിൻ്റെ പുതിയ വിലയിരുത്തൽ പ്രകാരം 2011 നെ അപേക്ഷിച്ച് 2036 ൽ 15 വയസിൽ താഴെ പ്രായമുള്ളവരുടെ എണ്ണത്തിൽ കുറവുണ്ടാകും. എന്നാൽ 60 വയസിന് മേലെ പ്രായമുള്ളവരാകും രാജ്യത്ത് ഏറെയും. രാജ്യത്ത് ശിശുമരണ നിരക്കിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2015 ൽ ശിശുമരണ നിരക്ക് 43 ആയിരുന്നത് 2020 ൽ 32 ആയി കുറഞ്ഞിട്ടുണ്ട്.

തൊഴിൽ ശക്തിയുടെ വളർച്ചയിൽ രാജ്യത്ത് സ്ത്രീകളും പുരുഷന്‍മാരും ഒരേപോലെ പങ്കാളികളാവുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017-18 കാലത്ത് 75.8 ശതമാനമായിരുന്നു രാജ്യത്ത് തൊഴിലെടുക്കുന്ന പുരുഷന്മാരുടെ എണ്ണം. അത് 2022-23 കാലത്ത് 78.5 ആയി. സ്ത്രീകളുടെ എണ്ണം ഇതേ കാലയളവിൽ 23.3 ശതമാനത്തിൽ നിന്ന് 37 ശതമാനമായി ഉയർന്നു.