NationalTop News

ഡോക്ടറുടെ കൊലപാതകം; രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ സുരക്ഷയ്ക്കായി നിർണായക നടപടി, മാർഗനിർദേശം പുറത്തിറക്കി

Spread the love

ദില്ലി:പശ്ചിമ ബംഗാളിൽ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ സുരക്ഷ ഉറപ്പാക്കാൻ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ ഉത്തരവിറക്കി. അധ്യാപകർ, വിദ്യാർത്ഥികൾ, റസിഡന്‍റ് ഡോക്ടർമാർ എന്നിവർക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്

ഒപിഡി, ക്യാംപസ്, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമാ സ്ഥലങ്ങളില്‍ സിസിടിവി അടക്കം സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്നും അക്രമസംഭവങ്ങളിൽ കോളേജ് അധികൃതർ അന്വേഷണം നടത്തണമെന്നും എഫ്ഐആർ രജിസ്റ്റ‌ർ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അക്രമ സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസത്തിനകം ദേശീയ മെഡിക്കൽ കമ്മീഷന് റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്.

അതേസമയം, പശ്ചിമ ബംഗാളിൽ ഡോക്ടറെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. പൊലീസ് അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ലെന്നും സർക്കാർ ഇരക്കൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊൽക്കത്ത ഹൈക്കോടതി വിധി പറഞ്ഞത്. ആശുപത്രി സംവിധാനവും ഇരയെ പിന്തുണച്ചില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതി വിമർശിച്ചു.

ബിജെപി നേതാവ് അഡ്വ കൗസ്തവ് ബഗ്ചി നൽകിയ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് ഡോക്ടർമാർ നിലപാടെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളും സംസ്ഥാനത്ത് സമരത്തിലാണ്. അതിനിടെ ഡോക്ടർമാർ ദേശവ്യാപക പ്രതിഷേധം തുടരുകയാണ്.
സംഭവം നടക്കുമ്പോൾ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായിരുന്ന വ്യക്തിയോട് ഉടൻ രാജിവെക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഇദ്ദേഹത്തെ പുറത്താക്കണമെന്നും കോടതി വ്യക്തമാക്കി. സംഭവം നടന്ന ആശുപത്രിയിൽ നിന്ന് രാജിവച്ച പ്രിൻസിപ്പലിനെ മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു സർക്കാർ മെഡിക്കൽ കോളേജിൽ നിയമിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി രോഷത്തോടെ പ്രതികരിച്ചത്. കൊലപാതകം ഭയാനകമായ സംഭവമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ പൊലീസ് ഇങ്ങനെ അന്വേഷണം നടത്തിയാൽ പോര. മരിച്ചയാൾക്ക് നീതി കൊടുക്കേണ്ടത് ഇങ്ങനെയല്ല. ഗുരുതരമായ കേസാണിത്. പ്രിൻസിപ്പലിൻ്റെ വിശദമായ മൊഴിയെടുക്കണം. പ്രതിയെ സംരക്ഷിക്കുകയാണ് സർക്കാ‍ർ ചെയ്തതെന്നും മനുഷ്യത്വരഹിതമായ പെരുമാറ്റമാണിതെന്നും കോടതി വിമർശിച്ചു.

കേസ് അന്വേഷിക്കാൻ ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. രാവിലെ പത്ത് മണിയോടെയാണ് ആശുപത്രി ഔട്ട് പോസ്റ്റിൽ വിവരം കിട്ടിയത്. സംഭവത്തിൽ ആരും പരാതി നൽകിയില്ല. രക്ഷിതാക്കളുടെ ആവശ്യപ്രകാരം മജിസ്ട്രേട്ടിൻ്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പ്രതിഷേധം ശക്തമായതോടെ മൃതദേഹം പുറത്തേക്ക് കൊണ്ടു പോകുന്നതിലടക്കം ബുദ്ധിമുട്ടുണ്ടായി.

രാഷ്ട്രീയ പാർട്ടികൾ വിഷയം വേഗത്തിലേറ്റെടുത്തു. അതോടെ വലിയ വിവാദമായി മാറി. പ്രതിഷേധം ശക്തമായതോടെ ആശുപത്രി ദ്രുത കർമ്മ സേനയുടെ നിയന്ത്രണത്തിലാക്കി. കേസെടുക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ല. ഡോക്ടറുടെ കുടുംബത്തിന് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ വാദിച്ചു. എന്നാൽ തൃപ്തി, സന്തോഷം തുടങ്ങിയ പദങ്ങൾ അനവസരത്തിൽ പ്രയോഗിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി.