‘മുന്നറിയിപ്പ് അവഗണിച്ചെന്ന പ്രചാരണം തെറ്റ്; പുനരധിവാസത്തിന്‍റെ ഒരു പുതിയ കേരള മാതൃക ഉണ്ടാകും’: മന്ത്രി
കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ, മുന്നറിയിപ്പ് പ്രാധാന്യത്തോടെ എടുത്തില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി എംബി രാജേഷ്. മുന്നറിയപ്പ് കണക്കിലെടുത്ത് അവിടെ നിന്ന് 150 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. അവരോട് അവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിലർ സ്വന്തം ഇഷ്ടപ്രകാരം ബന്ധുവീടുകളിലേക്ക് പോയി. മറ്റ് ചിലർ അല്ലാതെയും മാറിയിരുന്നു. പഞ്ചായത്ത് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്ര വലിയ ദുരന്തം പ്രവചിച്ചു കൊണ്ടുള്ള മുന്നറിയിപ്പായിരുന്നില്ല ഇതെന്നും മന്ത്രി വ്യക്തമാക്കി. പ്രവചനങ്ങൾക്കൊന്നും പിടിതരാത്ത രീതിയിലുള്ള ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാവരെയും വിശ്വാസത്തിലെടുത്തു കൊണ്ടാകും പുനരധിവാസം നടപ്പിലാക്കുകയെന്നും പുനരധിവാസത്തിന്റെ കാര്യത്തിൽ കേരളം പുതിയൊരു മാതൃകയായിമാറുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിലവിലെ കെട്ടിട നിർമാണ ചട്ടങ്ങൾ കർശനമായി തന്നെ തുടരും. ഭാവിയിലെ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ സൂക്ഷ്മമാക്കുമെന്നും മന്ത്രി പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. പുനരധിവാസത്തിന്റെ മേൽനോട്ടത്തിനായി കാബിനറ്റ് സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.