National

ഹിൻഡൻബർഗിൻ്റെ പുതിയ വെളിപ്പെടുത്തലിൽ ദമ്പതികൾ പ്രതിരോധത്തിൽ: മാധബിയും ഭർത്താവ് ധവാലും ആരാണ്?

Spread the love

മാധബി പുരി ബുച്, ഹിൻഡൻബർഗിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ കുറ്റാരോപിത സ്ഥാനത്ത് നിൽക്കുന്ന വനിത. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കടലാസ് കമ്പനികളിൽ മാധബിയും ഭർത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിൻഡൻബർഗിൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ബർമുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളിൽ ഇവർ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികൾ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളികളായെന്നുമാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്.

സിംഗപ്പൂരിലെ കൺസൾട്ടിങ് സ്ഥാപനമായ ആഗോര പാർട്ണേർസിൻ്റെ 100 ശതമാനം ഓഹരികളും 2017 മുതൽ 2022 വരെ (സെബി ചെയർപേഴ്‌സണായിരിക്കെ) മാധബി കൈയ്യിൽ വച്ചുവെന്നും പിന്നീടിത് ഭർത്താവിൻ്റെ പേരിലേക്ക് മാറ്റിയെന്നുമാണ് മറ്റൊരു ആരോപണം. ആസ്തി വിവരങ്ങൾ സംബന്ധിച്ച് സെബിക്ക് നൽകിയ റിപ്പോർട്ടിൽ വിദേശത്തെ ഇത്തരം നിക്ഷേപങ്ങൾ മറച്ചുവെച്ചുവെന്നതാണ് മറ്റൊരു ആരോപണം. മാധബി സെബിയുടെ ചെയർപേഴ്സൺ സ്ഥാനത്തിരിക്കെ ബ്ലാക്ക്സ്റ്റോൺ എന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൻ്റെ ഉപദേശകനായി സ്വന്തം ഭർത്താവ് ധവാലിനെ നിയോഗിച്ചുവെന്നത് മറ്റൊരു ആരോപണം.

അദാനി ഗ്രൂപ്പിനെതിരെ 2023 ജനുവരിയിൽ തങ്ങൾ നേരത്തെ പുറത്തുവിട്ട ആരോപണങ്ങളിൽ അന്വേഷണം നടത്താത്ത സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡിൻ്റെ നിലപാടിന് പിന്നിലും ഇതാണ് കാരണമെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നുണ്ട്.

ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുടെ നേതൃത്വ്തിൽ ബർമുഡയിലും മൗറീഷ്യസിലും രജിസ്റ്റർ ചെയ്ത കടലാസ് കമ്പനികളിൽ നിന്ന് അദാനി ഗ്രൂപ്പിലേക്ക് നേരത്തെ നിക്ഷേപം നടത്തിയിരുന്നു. വിദേശനിക്ഷേപം എത്തിയെന്ന പേരിൽ നിക്ഷേപകരെ കബളിപ്പിച്ച് ഓഹരി വില പെരുപ്പിച്ചുവെന്നാണ് ഹിൻഡൻബർഗ് നേരത്തെ ആരോപിച്ചത്. ഈ ആരോപണത്തിൽ അദാനി ഗ്രൂപ്പിനെതിരെ രാജ്യത്ത് സെബി കാര്യമായ അന്വേഷണങ്ങൾ നടത്തിയിരുന്നില്ല. സംഭവത്തിൽ ഹിൻഡൻബർഗിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാധബിക്കെതിരെ ആരോപണമുന്നയിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

സിങ്കപ്പൂരിലെ ആഗോര അഡ്വൈസറി എന്ന കൺസൾട്ടിങ് സ്ഥാപനത്തിൻ്റെ 99 ശതമാനം ഓഹരിയും മാധവിയാണ് കൈവശം വെക്കുന്നതെന്നും 2021-22 കാലത്ത് 2 കോടിയോളം രൂപ വരുമാനം നേടിയ ഈ കമ്പനിയിൽ നിന്നുള്ള വരുമാനത്തിൻ്റെ കണക്ക് മാധബി സെബിയെ അറിയിച്ചിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്.

ആരാണ് മാധബി?

മുംബൈയിലായിരുന്നു മാധബിയുടെ ജനനം, 1966 ൽ. പഠനകാലത്ത് കണക്കിലും ഫിനാൻസിലും പ്രത്യേക താത്പര്യം കാണിച്ചു. പിന്നാലെ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ എംബിഎ പഠനം പൂർത്തിയാക്കി. 1989 ലാണ് അവർ തൻ്റെ ഔദ്യോഗിക കരിയർ തുടങ്ങിയത്. ഐസിഐസിഐ ബാങ്കിലായിരുന്നു തുടക്കം. പിന്നീട് വളർച്ചയുടെ കാലമായിരുന്നു.

ഇൻവസ്റ്റ്മെൻ്റ് ബാങ്കിങ്, മാർക്കറ്റിങ്, പ്രൊഡക്ട് ഡെവലപ്മെൻ്റ് തുടങ്ങി പല തലത്തിൽ ഐസിഐസിഐ ബാങ്കിന് വേണ്ടി അവർ പ്രവർത്തിച്ചു. ആ മികവിനുള്ള അംഗീകാരങ്ങൾ അവരെ തേടിയെത്തി. 2009 ൽ ഐസിഐസിഐ സെക്യൂരിറ്റീസിൻ്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി മാധബിയെ ബാങ്ക് മാനേജ്മെൻ്റ് നിയമിച്ചു. ആ രംഗത്ത് ഐസിഐസിഐ സെക്യൂരിറ്റീസിനെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറ്റിയ മാധബി അധിക കാലം ഇവിടെ തുടർന്നില്ല.

ഷാങ്ഹായിയിൽ ന്യൂ ഡെവലപ്മെൻ്റ് ബാങ്കിൻ്റെ കൺസൾട്ടൻ്റായിട്ടാണ് പിന്നീട് അവർ ചുമതലയേറ്റത്. അവിടെ നിന്ന് സിങ്കപ്പൂരിലെ ഗ്രേറ്റർ പസഫിക് ക്യാപിറ്റൽ എന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തെ അവർ നയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഓഹരി വിപണിയെയും നിയന്ത്രണ സംവിധാനങ്ങളെയും ആഴത്തിൽ മനസിലാക്കാൻ ഈ ചുമതലകളിലൂടെ അവർക്ക് സാധിച്ചു.

പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അവർക്ക് ഇവിടെയും വലിയ പദവികൾ ലഭിച്ചു. ഐഡിയ സെല്ലുലാർ ലിമിറ്റഡിൻ്റെയും എൻഐഐടി ലിമിറ്റഡൻ്റെയും ഉൾപ്പടെ നോൺ എക്സിക്യുട്ടീവ് ഡയറക്ടറായിട്ടാണ് സേവനം അനുഷ്ഠിച്ചത്. അവരുടെ കരിയറിലെ മികവുകൾക്കുള്ള അംഗീകാരമായാണ് 2017 ൽ അവർ സെബിയുടെ സ്ഥിരം അംഗമായി നിയമിക്കപ്പെട്ടത്. സെബിയുടെ അന്നത്തെ ചെയർപേഴ്‌സൺ അജയ് ത്യാഗിയുമായി ഉണ്ടായിരുന്ന അടുത്ത സൗഹൃദം ഈ സ്ഥാനത്ത് അവർക്ക് നേട്ടമായി. 2022 മാർച്ചിൽ അവർ സെബിയുടെ ആദ്യ വനിതാ അധ്യക്ഷ പദത്തിലെത്തി.

മാധബിയുടെ ഭർത്താവ് ധവാൽ ബുചിൻ്റെ ഔദ്യോഗിക ജീവിതവും ഇതിന് സമാനമാണ്. ബ്ലാക്സ്റ്റോൺ, അൽവരസ് ആൻ്റ് മാർസൽ എന്നീ കമ്പനികളിൽ സീനിയർ അഡ്വൈസറാണ് നിലവിൽ ധവാൽ ബുച്. ഗിൽഡൽ കമ്പനിയിൽ നോൺ എക്സിക്യുട്ടീവ് ഡയറക്ടറുമാണ് അദ്ദേഹം. ഐഐടി ഡൽഹിയിൽ നിന്ന് 1984 ൽ മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ അദ്ദേഹം യൂനിലിവറിൽ എക്സിക്യൂട്ടീവ് ഡയക്ടറായി തുടങ്ങി ചീഫ് പ്രൊക്യുർമെൻ്റ് ഓഫീസർ വരെയായി. ഹിൻഡൻബർഗ് റിപ്പോർട്ട് പ്രകാരം ധവാൽ ബുചിന് 10 ദശലക്ഷം ഡോളർ ആസ്തിയുണ്ട്. ഈ റിപ്പോർട്ട് പറയുന്ന വിനോദ് അദാനിയുടെ സ്ഥാപനത്തിലെ നിക്ഷേപങ്ങൾ നടന്ന കാലത്ത് യൂനിലിവറിലായിരുന്നു ധവാൽ ബുച് പ്രവർത്തിച്ചിരുന്നത്.