Kerala

‘വിശദമായ മെമ്മോറാണ്ടം ഉടൻ സമർപ്പിക്കും’; പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടലിനെ കാണുന്നതെന്ന് മന്ത്രി

Spread the love

കൽപ്പറ്റ: നിരാശപ്പെടുത്തിയ മുൻകാല അനുഭവങ്ങളുണ്ടെങ്കിലും അതെല്ലാം മറന്ന് പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടലിനെ കാണുന്നതെന്ന് റെവന്യു മന്ത്രി കെ രാജൻ. പ്രധാനമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ വ്യാപ്തി സംബന്ധിച്ച് വിശദമായ കണക്ക് സഹിതമുള്ള മെമ്മോറാണ്ടം ഉടൻ സമർപ്പിക്കും. ഇന്നത്തെ ജനകീയ തെരച്ചിലും നാളെ സൂചിപ്പാറ കേന്ദ്രീകരിച്ച് നടത്തുന്ന തെരച്ചിലും നിർണായകമെന്നും രാജൻ പറഞ്ഞു.

അതേസമയം, വയനാട് ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. അഞ്ച് പേർ അടങ്ങുന്ന വിദഗ്ധ സംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങൾ സന്ദർശിക്കും. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിൽ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിച്ചതെന്നും വയനാട്ടിൽ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു.

വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ട്. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്നലെ കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.