National

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ രാഷ്ട്രീയ വിവാദം; ജെപിസി അന്വേഷിക്കണമെന്ന് പ്രതിപക്ഷം; പ്രതികാര നടപടിയെന്ന് സെബി ചെയര്‍പേഴ്‌സണ്‍

Spread the love

ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ വിവാദം. അദാനിയുടെ സെല്‍ കമ്പനികളുമായി സെബി ചെയര്‍പേഴ്‌സണ് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സെബിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെബിയുടെ വിരുദ്ധ താല്പര്യങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജെ പി സി രൂപീകരിക്കണമെന്ന് ജയറാം രമേഷ് ആവശ്യപ്പെട്ടു. ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ ഇ ഡി തയ്യാറാകുമോ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം മഹുവ മൊയ്ത്ര ചോദിച്ചു.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ച് രംഗത്തെത്തി. തന്റെ എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചിരുന്നു എന്ന് മാധബി ബുച്ച് പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് പുതിയ റിപ്പോര്‍ട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പ്രതികാര നടപടിയാണെന്നാണ് മാധബി ആരോപിച്ചു. ഹിന്‍ഡന്‍ബര്‍ഗ് വ്യക്തിഹത്യ നടത്തുകയാണെന്നും അവര്‍ ആരോപണം ഉന്നയിച്ചു.

അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെല്‍ കമ്പനിയില്‍ മാധബിയ്ക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത്. അദാനിയ്ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന് 18 മാസങ്ങള്‍ കഴിഞ്ഞിട്ടും അദാനിയുമായി ബന്ധപ്പെട്ട ഷെല്‍ കമ്പനികളെക്കുറിച്ച് അന്വേഷിക്കാന്‍ സെബി താല്‍പ്പര്യം പ്രകടിപ്പിക്കാത്തത് ആശ്ചര്യമുണ്ടാക്കുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രതികരണം. ഓഹരി വിപണിയില്‍ ഉള്‍പ്പെടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നല്‍കിയിരുന്നു. ബര്‍മുഡയിലും മൗറിഷ്യസിലുമുള്ള ചില ഷെല്‍ കമ്പനികളുമായി മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും ബന്ധമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഇപ്പോഴത്തെ ഗുരുതര വെളിപ്പെടുത്തല്‍.