ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട്: സെബി ചെയർപേഴ്‌സൺ രാജിവെക്കണമെന്ന് CPIM
അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശത്തുനിന്ന് വൻതോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപകസ്ഥാപനങ്ങളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ആരോപണം. അദാനിയുടെ സെൽ കമ്പനികളുമായി സെബി ചെയർപേഴ്‌സണ് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സെബിയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെബിയുടെ വിരുദ്ധ താല്പര്യങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു
സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച് രാജിവക്കണമെന്ന് സിപിഐഎം. സെബി മേധാവിക്ക് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് സിപിഐഎം. ശരിയായ അന്വേഷണം നടക്കാൻ ചെയർപേഴ്സൺ മാറിനിൽക്കേണ്ടത് ആവശ്യമാണെന്ന് ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിന് എതിരായ ആരോപണങ്ങളിൽ ജെപിസി അന്വേഷണം വേണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് സെബി ചെയർപേഴ്‌സൺ മാധബി ബുച്ച് രംഗത്തെത്തി. തന്റെ എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചിരുന്നു എന്ന് മാധബി ബുച്ച് പറഞ്ഞു. ഹിൻഡൻബർഗ് പുതിയ റിപ്പോർട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പ്രതികാര നടപടിയാണെന്നാണ് മാധബി ആരോപിച്ചു. ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുകയാണെന്നും അവർ ആരോപണം ഉന്നയിച്ചു.