Kerala

‘ദുരന്തബാധിതർ താമസിക്കുന്ന വാടക വീടുകളിലും വൈദ്യുതി ഇളവ് നൽകാൻ ശ്രമിക്കും’; മന്ത്രി കെ കൃഷ്ണൻകുട്ടി

Spread the love

വയനാട്ടിലെ ദുരന്തബാധിതർ താമസിക്കുന്ന വാടക വീടുകളിലും വൈദ്യുതി ഇളവ് നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം പരിശോധിച്ച് പോരുകയാണെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ദുരന്തബാധിത മേഖലക്ക് ഇളവ് നൽകുമെന്ന് മന്ത്രീ അറിയിച്ചിരുന്നു. കെഎസ്ഇബിക്ക് കീഴിലുള്ള ആളൊഴിഞ്ഞ കെട്ടിടങ്ങളും ദുരന്തബാധിതർക്കായി നൽകുമെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ ദുരന്ത ബാധിത പ്രദേശങ്ങളിൽ അടുത്ത ആറ് മാസം സൗജന്യ വൈദ്യുതി നൽകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാൻ വൈദ്യുതി വകുപ്പിനോട് മന്ത്രി നിർദേശം നൽകിയത്.

കെ.എസ്.ഇ.ബി.യുടെ ചൂരൽമല എക്‌സ്‌ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്കാണ് സൗജന്യ വൈദ്യുതി ലഭ്യമാക്കുക. ഈ ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഈടാക്കില്ല.