ആദ്യം ബൈക്ക് കൊണ്ട് പോയി, ആക്സിഡന്‍റ് ആയത് ചോദ്യം ചെയ്തതോടെ മർദ്ദിച്ച് കാറും തട്ടിയെടുത്തു; പ്രതി പിടിയിൽ
ഹരിപ്പാട്: ആലപ്പുഴയിൽ യുവാവിനെ മർദിച്ച് വഴിയിൽ തളളിയശേഷം കാർ തട്ടിക്കൊണ്ടു പോയ കേസിൽ ഒരു പ്രതിയെക്കൂടി കനകക്കുന്ന് പോലീസ് അറസ്റ്റു ചെയ്തു. രണ്ടാം പ്രതി കൃഷ്ണപുരം 14-ാം വാർഡ് വലിയത്ത് വീട്ടിൽ ആഷിക്കി (മത്തി ആഷിക്ക്-25) നെയാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കൊച്ചുതെക്കതിൽ അജ്മൽ (മുഹമ്മദ് ഫാസിൽ-24), കായംകുളം ചേരാവള്ളി കൊല്ലകശ്ശേരിയിൽ, മുഹമ്മദ് ഹർഷിദ് (22) എന്നിവരെ കേസിൽ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ മാസം 27ന് വലിയഴീക്കൽ തറയിൽക്കടവ് സനുഭവനത്തിൽ സായൂജിനെയാണ് പ്രതികൾ മർദിച്ച വഴിയിൽ തളളിയശേഷം കാർ കടത്തികൊണ്ടുപോയത്. സായൂജിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് പ്രതികളിലൊരാളായ അജ്മലിന് കൊടുത്തിരുന്നു. ഈ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സായൂജ് ഇക്കാര്യം ചോദിക്കാനായി അജ്മലിന്റെ വീട്ടിൽ ചെന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് കൊച്ചി ജെട്ടിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം സായൂജിനെ ഡ്രൈവർ സീറ്റിൽ നിന്നു ബലമായി പിടിച്ചിറക്കി പുറകിൽ ഇരുത്തിയശേഷം കാർ കടത്തിക്കൊണ്ടു പോയത്. ഇതിനിടെയാണ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്.
രണ്ടര മണിക്കൂറിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് സായൂജിനെ ഇറക്കി വിടുകയായിരുന്നു. പിന്നീട്, ഓച്ചിറ ഭാഗത്തുളള പറമ്പിൽ നിന്നാണ് കാർ കണ്ടെത്തിയത്. കായംകുളം പൊലീസ് കാപ്പ ചുമത്തിയത് കാരണം ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് നിലനിൽക്കെയാണ് ആഷിക്ക് കൊച്ചിയുടെ ജെട്ടിയിലെത്തി കാർ തട്ടിക്കൊണ്ടു പോയത്. കായംകുളം പുതുപ്പള്ളി ഭാഗത്തു വെച്ചാണ് പ്രതി പിടിയിലാകുന്നത്. ഇൻസ്പെക്ടർ എസ് അരുൺ, എസ് ഐ സന്തോഷ്, എ എസ് ഐ. സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിതേഷ്, പ്രപഞ്ചേന്ദ്ര ലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ്, ജിൻദത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.