ആലപ്പുഴയിൽ തുമ്പച്ചെടി തോരൻ കഴിച്ചത് പിന്നാലെ യുവതി മരിച്ചത് എങ്ങനെ? ഡോക്ടർ പറയുന്ന കാരണം ഇതാണ്…
ആലപ്പുഴ: തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതികരണവുമായി റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ കെ വേണുഗോപാൽ. ജീവിത ശൈലി രോഗമുള്ളവർ തുമ്പ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്ന് ഡോക്ടർ പറഞ്ഞു. സസ്യങ്ങളിൽ നിന്നുള്ള വിഷവസ്തുക്കൾ ഹൃദ്രോഗം, പ്രമേഹം, കിഡ്നി പോലെയുള്ള ജീവിത ശൈലി രോഗങ്ങളുള്ളവർക്ക് അപകടകരമായി മാറാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു.
അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ടും രാസ പരിശോധന ഫലവും ലഭിച്ചാൽ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളു. സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് ചേർത്തല പൊലീസ് കേസെടുത്തത്. ചേർത്തല സ്വദേശി ഇന്ദുവാണ് തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതിന് പിന്നാലെ മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പ ചെടികൊണ്ടുള്ള തോരൻ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാർ പറയുന്നത്. ആദ്യം ചേർത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ദുവിന്‍റെ മൃതദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. തുമ്പ തോരൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പൊലീസ് എഫ്ഐആർ. കഴിഞ്ഞ മേയിൽ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാൽ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.