Wayanad

മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം; മുണ്ടക്കൈയില്‍ രണ്ടിടത്ത് പരിശോധന, പാറകളും മണ്ണും നീക്കി തെരച്ചില്‍

Spread the love

വയനാട്: ഉരുളെടുത്ത മുണ്ടക്കൈയിൽ പതിനൊന്നാം നാൾ ജനകീയ തെരച്ചിൽ തുടരുന്നു. ദുർഗന്ധം അനുഭവപ്പെട്ട സാഹചര്യത്തിൽ മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളിൽ പരിശോധന നടത്തുകയാണ്. പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. ചെളി അടിഞ്ഞുകൂടിയ പ്രദേശത്ത് തെരച്ചിൽ ദുഷ്കരമാണ്. മണ്ണുമാന്തി യന്ത്രങ്ങളും ഇവിടേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്.

അതേസമയം, വയനാട്ടിൽ എന്‍ഡിആര്‍എഫ് തെരച്ചിൽ തുടരുമെന്നും എത്ര ദിവസം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എന്‍ഡിആര്‍എഫ് മേധാവി പിയൂഷ് ആനന്ദ് അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ പ്രദേശവാസികളെ ഉൾപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും. വൈകീട്ട് 3.30 ന് എസ്.കെ.എം.ജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നാല് മണിയോടെ ജില്ലയില്‍ നിന്ന് മടങ്ങും.