National

കടുത്ത പ്രതിപക്ഷ പ്രതിഷേധം; വഖഫ് ബില്‍ പാര്‍ലമെന്‍ററി സമിതിക്ക് വിട്ടു

Spread the love

ലോക്‌സഭയിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി.)ക്ക് വിട്ടു. പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.

ബിൽ പിൻവലിക്കുകയോ പരിശോധനയ്ക്കായി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയോ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഏതുപരിശോധനയ്ക്കും സർക്കാർ തയ്യാറാണെന്ന് പ്രഖ്യാപിച്ച കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു, ബിൽ ജെ.പി.സി.ക്ക് വിടണമെന്ന് ശുപാർശചെയ്തു. ഇതേത്തുടർന്ന് എല്ലാ പാർട്ടിനേതാക്കളുമായും ചർച്ചചെയ്തശേഷം ജെ.പി.സി. രൂപവത്‌കരിക്കാമെന്ന് സ്പീക്കർ സഭയെ അറിയിച്ചു. വെള്ളിയാഴ്ച സംയുക്തസമിതി രൂപവത്‌കരിക്കും.
സംയുക്തസമിതിയിൽ ഭരണ പ്രതിപക്ഷ വിഭാഗങ്ങളിൽപെടുന്ന പാർട്ടികളിലെ അംഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടാകുമെന്നാണ് വിവരം. മുസ്ലിം ലീഗ് പ്രതിനിധിയായി ഇ.ടി മുഹമ്മദ് ബഷീർ സമിതിയിൽ അംഗമായേക്കും.

മണിക്കൂറോളം നീണ്ട ഭരണ-പ്രതിപക്ഷ വാക് യുദ്ധങ്ങൾക്കൊടുവിലാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. എൻ.ഡി.എ. ഘടകകക്ഷികളായ ജെ.ഡി.യു.വും ടി.ഡി.പി.യും ശിവസേന ഷിന്ദേ വിഭാഗവും ബില്ലിനെ പിന്തുണച്ചു. വൈ.എസ്.ആർ. കോൺഗ്രസ് എതിർത്തു.