എടപ്പാളിലും മുഴക്കവും അസാധാരണ ശബ്ദവും കേട്ടതായി നാട്ടുകാർ; നാലുജില്ലകളിൽ അസാധാരണ ശബ്ദം കേട്ടത് ഏതാണ്ട് ഒരേസമയത്ത്
മലപ്പും എടപ്പാളിലും മുഴക്കവും അസാധാരണ ശബ്ദവും കേട്ടതായി നാട്ടുകാർ. രാവിലെ 10.15ഓടെയാണ് സംഭവമുണ്ടായത്. അസാധാരണമായ ശബ്ദത്തിനൊപ്പം ഭൂമിയ്ക്ക് വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. എടപ്പാൾ വട്ടംകുളം ചന്തക്കുന്ന് ഭാഗത്ത് ആണ് പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നത്. ഇന്നുതന്നെ കോഴിക്കോടും പാലക്കാടും വയനാട്ടിലെ വിവിധ ഭാഗങ്ങളിലും ഇതേസമയത്ത് തന്നെ ഉഗ്രശബ്ദം കേട്ടിരുന്നു. കരിപ്പൂർ മാതാംകുളത്ത് മുഴക്കം കേട്ടതായും നാട്ടുകാർ അറിയിക്കുന്നുണ്ട്.
ടെറസിന് മുകളിലേക്ക് ഉഗ്രശബ്ദത്തോടെ എന്തോ വന്ന് പതിച്ചതാണെന്നാണ് ആദ്യം കരുതിയതെന്ന് പ്രദേശവാസി ട്വന്റിഫോറിനോട് പറഞ്ഞു. ശബ്ദത്തോടൊപ്പം ഭൂമി വിറയ്ക്കുന്നതായും തോന്നി. എന്നാൽ ഒന്നും വന്ന് വീണതായി കണ്ടില്ല. നാട്ടുകാർ പരസ്പരം ഇക്കാര്യം സംസാരിച്ചപ്പോഴാണ് നാട്ടിലെ മിക്കവരും ഈ അസാധാരണ ശബ്ദവും മുഴക്കവും ശ്രദ്ധിച്ചതായി അറിയുന്നതെന്നും പ്രദേശവാസി പറഞ്ഞു.
വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലും പാലക്കാട് ഒറ്റപ്പാലത്തും ഇടിമുഴക്കം പോലെ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.