Kerala

വയനാട് രാഹുല്‍ ഗാന്ധി നിര്‍മിക്കുന്ന നൂറുവീടുകളില്‍ അഞ്ച് വീട് താൻ വെച്ച് നൽകും’: രമേശ് ചെന്നിത്തല

Spread the love

വയനാട് പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത് പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ്ണ സഹകരണം സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് വേണം സര്‍ക്കാര്‍ വയനാട് പുനരധിവാസ പാക്കേജ് തയ്യാറാക്കേണ്ടത്.

മുന്‍കാലങ്ങളില്‍ അങ്ങനെ ചെയ്യാത്തതിനാലാണ് നിരവധി പാളിച്ചകള്‍ ഉണ്ടായത്. രാഹുല്‍ ഗാന്ധി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. അതില്‍ അഞ്ചുവീടുകൾ സ്വന്തം നിലക്ക് നിർമിച്ച് നൽകും. പ്രതിപക്ഷ നേതാവും മറ്റുപല യുഡിഎഫ് എംഎല്‍എമാരും സമാന ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്. അതിനുള്ള സ്ഥലം സര്‍ക്കാര്‍ നല്‍കുമോയെന്നത് സര്‍ക്കാര്‍ വ്യക്തവരുത്തണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മുസ്ലീം ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ളത്. അതില്‍ മാറ്റം വരുത്തുന്നതിന് മുന്‍പായി രാഷ്ട്രീയ പാര്‍ട്ടികളുമായും ന്യൂനപക്ഷ സംഘടനകളുമായും സംസാരിക്കണമായിരുന്നു. അതുണ്ടായില്ല.

ഇന്ത്യ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഭേദഗതി ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു. കോടികള്‍ വിലവരുന്ന വഖഫ് ഭൂമി പലര്‍ക്കും വീതിച്ച് നല്‍കാനുള്ള ഗൂഢമായ നീക്കമാണ് മോദി സര്‍ക്കാരിന്റെ ഭേദഗതി ബില്ലിന് പിന്നിലുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ആ ഉദ്ദേശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

നിലവിലെ വഖഫ് ബോര്‍ഡ് നിയമത്തില്‍ വെള്ളം ചേര്‍ത്ത് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെത്.സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കും. ഇത്തരത്തില്‍ ഒരു നിയമം പാസാക്കുന്നത് ഒട്ടും ഗുണകരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.