Sports

ഹോക്കിയില്‍ വെങ്കലത്തിളക്കത്തില്‍ ഇന്ത്യ; മലയാളത്തിന്റെ ശ്രീയായി ശ്രീജേഷ്; മെഡല്‍ത്തിളക്കത്തോടെ മടക്കം

Spread the love

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കിയ്ക്ക് വീണ്ടും വെങ്കലത്തിളക്കം. സ്‌പെയിനിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വീണ്ടും മെഡല്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ചത്. ടോകിയോ ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് പാരിസിലും ടീം ഇന്ത്യ വിജയവേട്ട തുടര്‍ന്നിരിക്കുന്നത്. പി ആര്‍ ശ്രീജേഷാണ് ടീം ഇന്ത്യയുടെ ഗോള്‍വല കാത്തതെന്നത് മലയാളികള്‍ക്കും അഭിമാനമാകുകയാണ്. ഒളിംപിക്‌സിന് മുന്‍പ് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിന് വീരോചിത മടക്കമാണുണ്ടായിരിക്കുന്നത്. ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ മലയാളിയായി ശ്രീജേഷ് ഇന്നത്തെ മത്സരത്തോടെ മാറുകയും ചെയ്തു.

ഒളിംപിക്‌സ് ഹോക്കിയിലെ പതിമൂന്നാം മെഡലാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീജേഷിന്റെ സേവുകളാണ് മത്സരത്തില്‍ അതീവ നിര്‍ണായകമായത്. ജര്‍മിനിയുമായുള്ള മത്സരത്തിലെ 2-3 എന്ന സ്‌കോറിലെ കടുത്ത നിരാശയ്ക്ക് ശേഷമാണ് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയത്.

തുടര്‍ച്ചയായ മെഡല്‍ നേട്ടത്തില്‍ ടീം ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. തലമുറകള്‍ ഓര്‍ത്തുവയ്ക്കുന്ന വിജയമാണിതെന്നും കഴിവിന്റെ വിജയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീജേഷിന് മെഡലോലെ വിരമിക്കാനായതില്‍ അതീവ സന്തോഷമുണ്ടെന്ന് ശ്രീജേഷിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.