National

വിനേഷിനെ ഹരിയാനയിൽ നിന്ന് രാജ്യസഭാംഗമാക്കണമെന്ന് കോൺഗ്രസ്; അവിടെയും അയോഗ്യത, രാജ്യസഭാംഗമാകാൻ സാധിക്കില്ല

Spread the love

ഒളിംപിക്സിൽ ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫൊഗട്ടിനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത് വന്നത് കോൺഗ്രസ് നേതാവും ഹരിയാനയിലെ മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡയാണ്. രാജ്യസഭയിലേക്കുള്ള 12 സീറ്റിൽ അടുത്ത മാസം മത്സരം നടക്കാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ വിനേഷിന് രാജ്യസഭാംഗമാകാനാവില്ല. അതിന് ആവശ്യമായ പ്രായം ഇതുവരെ തികഞ്ഞിട്ടില്ലെന്നതാണ് കാരണം.

രാജ്യസഭാംഗമാകാൻ ഒരു വ്യക്തിക്ക് 30 വയസ് പ്രായം തികയണം. എന്നാൽ വിനേഷിന് നിലവിൽ 29 വയസാണ് പ്രായം. ഈ മാസം 25 ന് മാത്രമേ അവർക്ക് 30 വയസ് തികയൂ. രാജ്യസഭാ തെരഞ്ഞെടുപ്പ് ഹരിയാനയിൽ സെപ്തംബർ മൂന്നിനാണ് നടക്കുന്നതെങ്കിലും ഓഗസ്റ്റ് 14 ന് തന്നെ ഇതിൻ്റെ വിജ്ഞാപനം പുറപ്പെടുവിക്കും. ഓഗസ്റ്റ് 21 നാവും പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി.

ഭൂപീന്ദർ സിങ് ഹൂഡയുടെ പ്രതികരണം ഹരിയാനയിലെ യുവാക്കൾ ഏറ്റെടുത്ത നിലയാണ്. നിരവധി പേരാണ് ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വരുന്നത്. താരത്തിന് പ്രചോദനമേകാനും രാജ്യം ഒപ്പമുണ്ടെന്നത് അറിയിക്കാനും അവരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്നായിരുന്നു ആവശ്യം. വിനേഷ് ഗോദയിലെയും കോൺഗ്രസ് രാഷ്ട്രീയത്തിലെയും ചാംപ്യൻ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ മുൻ മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടാണ് വിനേഷ് ഫോഗട്ടിൻ്റെ പിതാവ് മഹാവീർ ഫോഗട്ട് രംഗത്ത് വന്നത്. സംസ്ഥാനത്ത് കോൺഗ്രസ് ഭരണത്തിലിരിക്കെ നിരവധി മെഡലുകൾ ഗീത ഫോഗട്ട് നേടിയിരുന്നതാണെന്നും എന്നാൽ അവർക്ക് സ്ഥാനമൊന്നും കോൺഗ്രസ് നൽകിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.